ന്യൂഡെൽഹി: ഇന്ത്യയുടെ അതിർത്തിക്കടുത്ത് ചൈന യുദ്ധവിമാനങ്ങൾ വിന്യസിച്ചതായി റിപ്പോർട്. മേയ് 27ന് ശേഖരിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇന്ത്യയുടെ അതിർത്തിയിൽ നിന്ന് 150 കിലോമീറ്റർ അകലത്തിലാണ് അത്യാധുനിക ജെ 20 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിന്യസിച്ചിരിക്കുന്നത്.
സിക്കിമിനോട് ചേർന്നുള്ള ഷിഗാറ്റ്സെയിലെ വിമാനത്താവളത്തിലാണ് ആറ് ചൈനീസ് ജെ 20 സ്റ്റെൽത്ത് ഫൈറ്ററുകൾ കണ്ടെത്തിയത്. ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാറ്റ്സെയിൽ സൈനിക, സിവിലിയൻ വിമാനത്താവളത്തിലെ ഫ്ളൈറ്റ് ലൈനിലാണ് ആറ് ഫൈറ്ററുകളുടെയും സാന്നിധ്യം ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കിയത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളങ്ങളിൽ ഒന്നായ ഷിഗാറ്റ്സെ, 12,408 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചിത്രങ്ങൾ പ്രകാരം ഒരു കെജെ-500 എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൾ എയർക്രാഫ്റ്റും ദൃശ്യമാണ്.
ജെ 20 സ്റ്റെൽത്ത് ഫൈറ്റർ ചൈനയുടെ ഏറ്റവും നൂതന പ്രവർത്തന ക്ഷമതയുള്ള യുദ്ധവിമാനങ്ങളാണെന്നും, ഇവ ചൈനയുടെ കിഴക്കൻ പ്രവിശ്യകളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവയാണെന്നും ടെക്നോളജി ആൻഡ് അനാലിസിസ് അറ്റ് ഓൾ സോഴ്സ് എന്ന സ്വകാര്യ ഗവേഷണ കേന്ദം അറിയിച്ചു.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!