ചെന്നൈ: കരൂർ ദുരന്തത്തിൽ വീണ്ടും പ്രതികരണവുമായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച ഒരു ഘട്ടത്തിലൂടെ കടന്നുപോയിട്ടില്ലെന്ന് വിജയ് പറഞ്ഞു. കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് വിജയ്‌യുടെ പ്രതികരണം.
എത്രയുംവേഗം സത്യം പുറത്തുവരും. രാഷ്‌ട്രീയം തുടരും. ഉടൻ എല്ലാവരെയും കാണും. അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാനാണ് കരൂരിൽ തുടരാത്തതെന്നും വിജയ് വീഡിയോയിൽ പറയുന്നു. നടക്കാൻ പാടില്ലാത്തതാണ് നടന്നത്. ആളുകൾ വരുന്നത് തന്നോടുള്ള സ്‌നേഹം കൊണ്ടാണ്. അനുവദിച്ച സ്‌ഥലത്ത് നിന്നാണ് പ്രസംഗിച്ചത്. പ്രവർത്തകരുടെ സുരക്ഷിതത്വത്തിൽ ഒരു വിട്ടുവീഴ്‌ചയും ഇല്ല.
താനും മനുഷ്യനാണ്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന എല്ലാവരും എത്രയും വേഗം മടങ്ങിവരാനായി പ്രാർഥിക്കുന്നു. ഒപ്പം നിൽക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. അഞ്ച് ജില്ലകളിൽ ഈ പരിപാടി നടന്നു. നാലിടത്ത് നടക്കാത്തത് അഞ്ചാമത്തെ സ്‌ഥലത്ത് എങ്ങനെ നടന്നു?
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പോസ്‌റ്റ് പങ്കുവെച്ച പ്രവർത്തകർക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അവർക്കെതിരെ അല്ല നടപടിയെടുക്കേണ്ടത്. അവർ നിരപരാധികളാണെന്നും തനിക്കെതിരെ ആയിക്കോളൂവെന്നും വിജയ് പറഞ്ഞു.
Most Read| കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്







































