കൊച്ചി: പാലാരിവട്ടം മേല്‍പാലം ഉല്‍ഘാടനം ചെയ്യുന്നതിനിടെ ജസ്‌റ്റിസ് കെമാല്‍ പാഷക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറ്റില മേല്‍പാലം ജനങ്ങള്‍ തുറന്നതില്‍ തെറ്റില്ലെന്നു പറഞ്ഞ കെമാല്‍ പാഷയുടെ പ്രസ്‌താവനയെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്.
‘നീതി പീഠത്തില്‍ ഉന്നത സ്‌ഥാനം വഹിച്ചവര്‍ ഉത്തരവാദിത്തമില്ലാത്ത വിമര്‍ശനം നടത്തരുത്. അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കുടപിടിക്കരുത്’- മുഖ്യമന്ത്രി പറഞ്ഞു. ഉല്‍ഘാടനത്തിന് മുന്‍പ് പാലം തുറന്ന കൊച്ചിയിലെ ജനകീയ കൂട്ടായ്‌മക്കെതിരെയും മുഖ്യമന്ത്രി ഉല്‍ഘാടന ചടങ്ങില്‍ ആഞ്ഞടിച്ചു.
വൈറ്റില മേല്‍പാലം ആരുടെയും വീട്ടിലെ തേങ്ങവെട്ടി നിര്‍മിച്ചതല്ല. ഏതൊരു ഭിക്ഷക്കാരന്‍ പാലത്തില്‍ കയറിയാലും അത് ഉല്‍ഘാടനം ആകും. ഒരു ദിവസമെങ്കില്‍ ഒരു ദിവസം നേരത്തെ പാലം തുറന്നു കൊടുക്കുകയാണ് വേണ്ടതെന്നും ആയിരുന്നു ജസ്‌റ്റിസ് കെമാല്‍ പാഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. രാഷ്‌ട്രീയ വിലപേശലിനു വേണ്ടി ഉല്‍ഘാടനം വൈകിപ്പിക്കുകയല്ല വേണ്ടത്. വൈറ്റിലയിലുണ്ടായത് ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണെന്നും കെമാല്‍ പാഷ പറഞ്ഞിരുന്നു.
ഇതിനെതിരെ മന്ത്രി ജി സുധാകരനും കഴിഞ്ഞ ദിവസം ശക്‌തമായ ഭാഷയില്‍ മറുപടി നല്‍കിയിരുന്നു. ഏതെങ്കിലും ഭിക്ഷക്കാരന്‍ കോടതിയില്‍ കയറി വിധിപറഞ്ഞാല്‍ മതിയെന്ന് അദ്ദേഹം പറയുമോ എന്നാണ് ജി സുധാകരന്‍ ചോദിച്ചത്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നും നാട്ടുനടപ്പുണ്ടെന്നും ആയിരുന്നു സുധാകരന്‍ പറഞ്ഞത്.
Read Also: ജോസ് കെ മാണി എംപി സ്‌ഥാനം രാജി വെച്ചു






































