കൊച്ചി: പോലീസിനെ നിയന്ത്രിക്കുന്ന ഉന്നതർക്കെതിരായി പിവി അൻവർ എംഎൽഎ നടത്തിയ ഗുരുതര ആരോപണങ്ങളിൽ മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. സിയാലിൽ എയ്‌റോലോഞ്ച് ഉൽഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. ആരോപണങ്ങളെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതിനിടെ, എഡിജിപി എംആർ അജിത് കുമാറിനെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ സംസ്‌ഥാന പോലീസ് മേധാവിയിൽ നിന്ന് മുഖ്യമന്ത്രി റിപ്പോർട് തേടി. എംആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്.
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഫോണുകൾ വരെ ചോർത്തുന്നു. എഡിജിപിയും പൊളിറ്റിക്കൽ സെക്രട്ടറിയും ചേർന്ന് സ്വർണക്കടത്ത് കച്ചവടം നടത്തുന്നുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് അദ്ദേഹത്തിന്റെ റോൾ മോഡലെന്ന് സംശയിക്കുന്നതായും അൻവർ ആരോപിച്ചിരുന്നു.
പത്തനംതിട്ട എസ്‌പി സുജിത് ദാസിന് കസ്‌റ്റംസിലുള്ള ബന്ധം കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നതായും അൻവർ പറഞ്ഞിരുന്നു. ഇതിന്റെ ശബ്‌ദരേഖയും പുറത്തുവിട്ടിരുന്നു.
”ഇനിയും ഒരുപാട് ഫോൺ കോളുകൾ ടെലികാസ്‌റ്റ് ചെയ്യാനുണ്ട്. പലതും പുറത്തുവിട്ടിട്ടില്ല. ഗതികേട് കൊണ്ടാണ് ശബ്‌ദരേഖ പുറത്തുവിട്ടത്. കേരളത്തിലെ ജനങ്ങൾക്ക് എല്ലാം മനസിലാകും. ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ സർക്കർ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്ന ഉദ്യോഗസ്‌ഥരുടെ തനിനിറം പുറത്തുകാണിക്കാൻ ഇതല്ലാതെ ഒരു മാർഗവും മുന്നിൽ ഇല്ലായിരുന്നു. കേരള ജനതയോട് ക്ഷമ ചോദിക്കുന്നു”- അൻവർ വ്യക്‌തമാക്കി.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ







































