കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ എസ്എഫ്ഐഒ സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ. തട്ടിപ്പിൽ വീണയ്‌ക്ക് സുപ്രധാന പങ്കുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എക്‌സാലോജിക്ക് സിഎംആർഎല്ലിന് സേവനം നൽകി എന്നതിന് തെളിവില്ല. എന്നാൽ, വീണയ്‌ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപ വീതവും എക്‌സാലോജിക്കിന് മൂന്നുലക്ഷം രൂപ വീതവും സിഎംആർഎൽ നൽകിയിരുന്നു. വീണയും സിഎംആർഎൽ എംഡി ശശിധരൻ കർത്തയും കൂടി ഒത്തുകളിച്ചു സിഎംആർഎല്ലിൽ നിന്നും 2.78 കോടി രൂപ തട്ടിയെടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്എഫ്ഐഒ റിപ്പോർട്ടിലെ 11ആം പ്രതിയാണ് വീണ.
റിപ്പോർട് നിലവിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിൽ കേസെടുക്കാനും തുടർ നടപടി സ്വീകരിക്കാനും അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടെങ്കിലും രണ്ടുമാസത്തേക്ക് കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരിക്കുകയാണ്. ഈ കാലാവധി കഴിഞ്ഞാൽ കേസ് വീണ്ടും അഡീഷണൽ സെഷൻസ് കോടതിയിലെത്തും. തുടർന്ന് സമൻസ് അയക്കുകയും വിചാരണ നടത്തുകയും ചെയ്യും.
തങ്ങളെ കേൾക്കാതെയാണ് സെഷൻസ് കോടതിയുടെ നടപടി കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചത്. അതിനിടെ, വീണയെ വിചാരണ ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. അതിനിടെ, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ( ഇഡി) റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!