കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവനെ ചോദ്യം ചെയ്യാൻ പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാവാൻ കുന്ദമംഗലം പോലീസ് ഇന്ന് നോട്ടീസ് അയച്ചേക്കും. അധ്യാപികയുടെ വിലാസം ഉൾപ്പടെയുള്ള വിശദാംശങ്ങൾ എൻഐടി രജിസ്ട്രാർ ഇന്നലെ കുന്ദമംഗലം പോലീസിന് കൈമാറിയിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ ആധികാരികത, ഇത്തരമൊരു കമന്റ് ഇടാനുള്ള സാഹചര്യം തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിയാനാണ് അധ്യാപികയെ ചോദ്യം ചെയ്യുന്നത്. ഇവർക്കൊപ്പം കമന്റുകൾ ഇട്ട മറ്റു ആളുകളുടേയും വിശദാംശങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ ഷൈജ ആണ്ടവൻ അവധിയിൽ ആണെന്നാണ് എൻഐടി അധികൃതർ നൽകുന്ന വിശദീകരണം.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് അഡ്വ. കൃഷ്ണരാജ് എന്നയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ അടിയിൽ, ‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിങ് ഇന്ത്യ’ എന്ന് ഷൈജ ആണ്ടവൻ കമന്റിട്ടിരുന്നു. ഹിന്ദുസഭാ പ്രവർത്തകൻ നഥൂറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ എന്ന പോസ്റ്റിനടിയിലായിരുന്നു വിവാദ കമന്റ്. സംഭവത്തിന് പിന്നാലെ പ്രഫസർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ, എംഎസ്എഫ് എന്നീ സംഘടനകളും പരാതി നൽകിയിരുന്നു.
Most Read| ‘നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി-ശരത് പവാർ’; ഇനിമുതൽ പുതിയ പേര്