ബെംഗളൂരു: കർണാടകയിൽ ക്ഷേത്രോൽസവങ്ങളിൽ നിന്ന് മുസ്‌ലിം വ്യാപാരികളെ വിലക്കിയ വലതുപക്ഷ ഗ്രൂപ്പുകളുടെ നടപടിയിൽ ആശങ്കയറിയിച്ച് ബയോകോൺ ലിമിറ്റഡ് മേധാവി കിരൺ മജുംദാർ ഷാ. സംസ്‌ഥാനത്ത് വർധിച്ചുവരുന്ന മതപരമായ ഭിന്നത പരിഹരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് കിരൺ ഷാ അഭ്യർഥിച്ചു.
ഈ വർഗീയത ഇന്ത്യയുടെ സാങ്കേതിക തലസ്‌ഥാനത്തെ സാരമായി ബാധിക്കുമെന്നും ടെക്, ബയോടെക് മേഖലകളിലെ രാജ്യത്തിന്റെ ആഗോള നേതൃത്വത്തെ വരെ അപകടത്തിൽ ആക്കാൻ സാധ്യത ഉണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.
‘വർഗീയ ബഹിഷ്‌കരണം’ എന്നാണ് ഇതിനെ കിരൺ ഷാ വിശേഷിപ്പിച്ചത്. ക്ഷേത്ര പരിസരത്ത് അഹിന്ദുക്കൾ കച്ചവടം ചെയ്യുന്നത് തടയുന്ന പഴയ നിയമം ഉദ്ധരിച്ചുകൊണ്ട് കർണാടക സർക്കാർ സംസാരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് കിരൺ ഷായുടെ പ്രസ്‌താവന. ഇതിനെതിരെ പരസ്യമായി ആശങ്ക പ്രകടിപ്പിക്കുന്ന ആദ്യത്തെ കോർപ്പറേറ്റ് നേതാവാണ് കിരൺ ഷാ.
“കർണാടക എപ്പോഴും സാമ്പത്തിക വികസനം കെട്ടിപ്പടുത്തിയിട്ടുണ്ട്, ഇത്തരം വർഗീയ വേർതിരിവുകൾ നമ്മൾ അനുവദിക്കരുത്- ഐടിബിടി (ഐടിയും ബയോടെക്കും) വർഗീയമായാൽ അത് നമ്മുടെ ആഗോള നേതൃത്വത്തെ നശിപ്പിക്കും. ബിഎസ് ബൊമ്മൈ, ദയവായി വർധിച്ചുവരുന്ന ഈ മതപരമായ ഭിന്നത പരിഹരിക്കുക,” ഒരു വാർത്താ റിപ്പോർട് പങ്കിട്ടുകൊണ്ട് കിരൺ ഷാ ട്വീറ്റ് ചെയ്‌തു.
കർണാടകയിൽ മാസങ്ങളായി വർഗീയ വിഭജനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പുകയുകയാണ്. ക്ഷേത്ര സമുച്ചയങ്ങളിൽ മുസ്‌ലിം വ്യാപാരികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌രംഗ് ദൾ തുടങ്ങിയ ഗ്രൂപ്പുകൾ രംഗത്ത് വന്നതാണ് ഏറ്റവും പുതിയ സംഭവം. ചില ക്ഷേത്രങ്ങൾ മുസ്‌ലിം വ്യാപാരികളെ കരിമ്പട്ടികയിൽ പെടുത്തുന്നതിലേക്ക് പ്രചാരണം നയിച്ചു.
Karnataka has always forged inclusive economic development and we must not allow such communal exclusion- If ITBT became communal it would destroy our global leadership. @BSBommai please resolve this growing religious divide? https://t.co/0PINcbUtwG
— Kiran Mazumdar-Shaw (@kiranshaw) March 30, 2022
സംഭവത്തിൽ ഇടപെടാനാകില്ലെന്ന് കർണാടക നിയമ മന്ത്രി ജെസി മധുസ്വാമി പറഞ്ഞിരുന്നു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹിന്ദു ആരാധനാലയങ്ങളുടെ പരിസരത്ത് കടകളോ സ്‌റ്റാളുകളോ സ്‌ഥാപിക്കുന്നതിൽ നിന്ന് മുസ്‌ലിം വ്യാപാരികളെ വിലക്കുന്നതിൽ സർക്കാരിന് ഇടപെടാനാകില്ല എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
“2002ൽ രൂപീകരിച്ച ഹിന്ദു റിലീജിയസ് ഇൻസ്‌റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്‌ടും റൂൾസും അനുസരിച്ച്, ഒരു ഹിന്ദു മത സ്‌ഥാപനത്തിന് സമീപമുള്ള സ്‌ഥലം മറ്റൊരു മതത്തിൽ പെട്ട ഒരാൾക്ക് പാട്ടത്തിന് നൽകുന്നത് നിരോധിച്ചിട്ടുണ്ട്. മുസ്‌ലിം വ്യാപാരികളെ വിലക്കുന്ന ഈ സമീപകാല സംഭവങ്ങൾ മതസ്‌ഥാപനങ്ങളുടെ പരിസരത്തിന് പുറത്താണ് സംഭവിച്ചതെങ്കിൽ, ഞങ്ങൾ തിരുത്തും. അല്ലാത്തപക്ഷം, മാനദണ്ഡമനുസരിച്ച്, മറ്റൊരു സമുദായത്തിനും പരിസരത്ത് കടകൾ സ്‌ഥാപിക്കാൻ അനുവാദമില്ല,”- എന്നായിരുന്നു മധുസ്വാമി പറഞ്ഞത്.
Most Read: പഞ്ചനക്ഷത്ര ഹോട്ടലിലെ രാജകീയ ജീവിതം; ലിലിബെറ്റ് ഒരു വിവിഐപി തന്നെ