കണ്ണൂർ: ഒന്നാം ഡോസിൽ കോവാക്സിൻ കുത്തിവെപ്പെടുത്ത ആൾക്ക് രണ്ടാം ഡോസിൽ കോവിഷീൽഡ് നൽകിയതായി പരാതി. ജില്ലയിലെ കോട്ടയം മലബാർ ഗ്രാമപഞ്ചായത്തിലെ കോട്ടയം കുടുബാരോഗ്യ കേന്ദ്രത്തിൽ നിന്ന് കുത്തിവെപ്പ് എടുത്ത 50 വയസുകാരനാണ് വാക്സിൻ മാറി നൽകിയത്. ഇത് സംബന്ധിച്ച് ഇയാൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. വാക്സിൻ കുത്തിവെപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ നിന്നുള്ള ആദ്യ പരാതിയാണിത്.
ആശുപത്രിയിൽ നിന്ന് കൊടുക്കുന്ന വാക്സിനേഷൻ കാർഡും പരാതിക്കാരൻ ജില്ലാ മെഡിക്കൽ അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. വാക്സിന്റെ ഫലം ലഭിക്കണമെങ്കിൽ ഇനി മൂന്നാം ഡോസും എടുക്കേണ്ടി വരുമെന്നാണ് പരാതിക്കാരൻ പറയുന്നത്. എന്നാൽ, പരാതിക്കാരൻ കുടുംബാരോഗ്യ കേന്ദ്രത്തിലെ വെരിഫിക്കേഷൻ കൗണ്ടറിൽ നൽകിയ മൊബൈൽ നമ്പറിൽ ഒരു വാക്സിനും എടുത്തതായി രേഖപെടുത്തിയിട്ടില്ലെന്നും അത് പ്രകാരമാണ് അയാൾക്ക് കോവിഷീൽഡ് നൽകിയതെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രത്തിൽ അന്ന് കോവിഷീൽഡ് വാക്സിൻ മാത്രമാണ് നൽകിയതെന്നും അധികൃതർ വ്യക്തമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരൻ അയാളുടെ മകളുടെ മൊബൈൽ നമ്പറിൽ നിന്നാണ് ആദ്യ ഡോസ് സ്വീകരിച്ചതെന്നും, ഇയാൾ ആദ്യ ഡോസ് എടുത്ത കാർഡ് കേന്ദ്രത്തിൽ കാണിച്ചില്ലെന്നും തെളിഞ്ഞതായി ആരോഗ്യ വിഭാഗം പറഞ്ഞു.
പരാതിക്കാരന് നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും റിപോർട് ചെയ്തിട്ടില്ല. അതേസമയം, ഇനി മൂന്നാം ഡോസ് സ്വീകരിക്കണമോ എന്നത് അദ്ദേഹത്തിന്റെ ആന്റിബോഡി പരിശോധിച്ചതിന് ശേഷം തീരുമാനിക്കുമെന്ന് മെഡിക്കൽ അധികൃതർ വ്യക്തമാക്കി.
Read Also: മഹാരാഷ്ട്രയില് ആശങ്ക ഉയർത്തി ബ്ളാക്ക് ഫംഗസ്; മരണം ആയിരം കടന്നു