കാസർഗോഡ്: കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് വിദ്യാർഥികൾ ഉൾപ്പടെ ആയിരകണക്കിന് ആളുകൾ പ്രതിസന്ധിയിലായി. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് പുറമെ ഒരാഴ്‌ച നിർബന്ധിത ക്വാറന്റെയ്ൻ സംവിധാനവും ഏർപ്പെടുത്തിയ നടപടിയിലാണ് ആശങ്ക നിലനിൽക്കുന്നത്.
കർണാടക സർക്കാരിന്റെ ഇത്തരം കടുത്ത നടപടികളിൽ പല ഭാഗങ്ങളിൽ നിന്നായി വിമർശനങ്ങൾ ഉയരുന്നുണ്ട്. ചികിൽസ ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി അതിർത്തി കടക്കേണ്ടവരെ പോലെയും തടഞ്ഞു വെച്ച് പരിശോധിക്കുകയാണെന്ന ആക്ഷേപവും ഉണ്ട്. ക്വാറന്റെയ്ൻ നിർബന്ധമാക്കിയതോടെ ജോലിക്ക് പോകുന്നവർക്കും, വിദ്യാർഥികൾക്കുമാണ് ബുദ്ധിമുട്ടുള്ളത്.
കർണാടക നടപടിക്കെതിരെ കേരളത്തിലെ ബിജെപി ഒഴികെയുള്ള മുഴുവൻ പാർടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സഞ്ചാര സ്വാതന്ത്രം തടയരുതെന്ന സുപ്രിം കോടതിയുടെ വിധി പോലും മറികടന്നാണ് കർണാടക സർക്കാർ അതിർത്തികളിൽ മണ്ണിട്ടും ബാരിക്കേഡുകൾ സ്‌ഥാപിച്ചും കേരളീയരെ തടയുന്നത്.
Read Also: കാലവർഷം; വയനാട്ടിൽ 37 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി