കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെതിരെ സ്‌ഥലത്ത് വ്യാപാരികളുടെ പ്രതിഷേധം. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കാൻ മണിക്കൂറുകൾക്ക് മുമ്പാണ് പ്രതിഷേധം. പാളയം മാർക്കറ്റ് മാറ്റുന്നതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്.
ഇതിനിടെ, പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തിനിടെ പുതിയ മാർക്കറ്റിന്റെ ഉൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. പാളയത്തെ മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുമ്പോൾ തങ്ങൾ ഉന്നയിച്ച പ്രശ്‍നങ്ങളൊന്നും പരിഹരിച്ചില്ലെന്നാണ് പ്രതിഷേധിക്കുന്ന തൊഴിലാളികൾ പറയുന്നത്. കോഴിക്കോടിന്റെ പൈതൃകമായ പാളയം മാർക്കറ്റ് ഇവിടെനിന്ന് മാറ്റാൻ അനുവദിക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
കരിദിനം ആചരിച്ചുള്ള പ്രതിഷേധമാണ് നടത്തുന്നത്. പാളയം മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നതിനെ അനുകൂലിച്ച് വ്യാപാരിവ്യവസായി സമിതിയുടെ പ്രകടനം കടന്നുപോയിരുന്നു. ഇതിനിടെയാണ് പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും ഉണ്ടായത്. യാതൊരു സൗകര്യവും ഇല്ലാതെയാണ് കല്ലുത്താൻ കടവിൽ കെട്ടിടം നിർമിച്ചിരിക്കുന്നത്. ഒരുകാരണവശാലും അങ്ങോട്ട് പോകുന്ന പ്രശ്‌നമില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
അത്യാധുനിക സംവിധാനങ്ങളോടെയാണ് കല്ലുത്താൻകടവിൽ ‘ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്’ നിർമാണം പൂർത്തിയാക്കിയിരുന്നത്. കല്ലുത്താൻകടവിലെ അഞ്ചര ഏക്കറിലാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ് നിർമിച്ചത്. കോർപറേഷന്റെ പിപിപി മാതൃകയിലുള്ള പദ്ധതിയിൽ ബിഒടി അടിസ്‌ഥാനത്തിൽ നിർമാണം നടത്തിയത് കല്ലുത്താൻകടവ് ഏരിയ ഡെവലപ്പ്മെന്റ് കമ്പനി (കാഡ്‌കോ) ആണ്.
2009ൽ തറക്കല്ലിട്ട പദ്ധതിക്ക് കോർപ്പറേഷൻ 30 കോടി രൂപ ചിലവിൽ സ്‌ഥലം നൽകി. 100 കോടി രൂപ ചിലവഴിച്ചാണ് മാർക്കറ്റ് നിർമാണം പൂർത്തിയാക്കിയത്. ആറ് ബ്ളോക്കുകളായി നിർമിച്ച മാർക്കറ്റിൽ പ്രധാന ബ്ളോക്കിന്റെ മുകൾ ഭാഗത്ത് ഉൾപ്പടെ 500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. മൂന്നരലക്ഷം ചതുരശ്ര അടിയിൽ നിർമിച്ച കെട്ടിടത്തിൽ 310 പഴം- പച്ചക്കറി കടകൾക്ക് സൗകര്യമുണ്ട്. പാളയത്ത് കച്ചവടം നടത്തുന്നതിന് ലൈസൻസുള്ള 153 കച്ചവടക്കാർക്ക് ന്യൂ മാർക്കറ്റിൽ മുറികളും ഒരുക്കി.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്







































