കോഴിക്കോട്: നിറം കെടുത്തിയ ദുരിതകാലത്തിന് പ്രതീക്ഷയേകി ജില്ലയിലെ പാളയത്ത് പൂവിപണികൾ സജീവമായി. മഞ്ഞയും ചുവപ്പും നിറത്തിൽ പരവതാനി വിരിച്ചത് പോലെ ചിരിതൂകി നിൽക്കുന്ന ജമന്തിയും, ചെണ്ടുമല്ലിയും, വാടാർമല്ലിയുമൊക്കെ ഏവരുടെയും മനസ് കീഴടക്കുകയാണ്. മൂന്ന് ദിവസം മുൻപാണ് ജില്ലയിൽ പൂവിപണികൾ സജീവമായത്.
ഓണം അടുക്കുമ്പോഴേക്ക് അന്യ ദേശങ്ങളിൽ നിന്നായി നൂറുകണക്കിന് തെരുവ് കച്ചവടക്കാരാണ് പാളയം മാർക്കറ്റിൽ വിൽപനക്കായി എത്താറുള്ളത്. ജില്ലയിൽ സീസണിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന മേഖലയാണ് പാളയം മാർക്കറ്റ്. എന്നാൽ, ഇവിടെ ഇത്തവണ കുറച്ചു തെരുവ് കച്ചവടക്കാർ മാത്രമാണ് എത്തിയത്. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുള്ള സമയമായതിനാൽ വ്യാപാരം തീരെ കുറവാണെന്ന് കച്ചവടക്കാർ പറയുന്നു.
മുൻകാലത്ത് 5,000 രൂപയ്‌ക്ക് പൂ എടുത്താൽ ഒന്നര ദിവസത്തിനകം വിറ്റു തീരുമായിരുന്നു. ഇപ്പോൾ മൂന്ന് ദിവസമായാലും പൂ ബാക്കിയാവുകയാണെന്നും കച്ചവടക്കാർ പറഞ്ഞു. എന്നാൽ, പച്ചക്കറി, പലചരക്ക്, ഗൃഹോപകരണ സ്‌ഥാപനങ്ങളിൽ താരതമ്യേന നല്ല തിരക്കാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കർശന പരിശോധനയും നടക്കുന്നുണ്ട്.
Read Also: വാക്‌സിൻ എടുത്തവരിൽ കോവിഡ് ബാധയേറ്റത് 0.05 ശതമാനം പേർക്ക് മാത്രം