പാലക്കാട്: വോട്ടെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മുന്നേറ്റം കുറിച്ചതോടെ ആഘോഷവുമായി കോൺഗ്രസ് പ്രവർത്തകർ. പ്രചാരണ നാളുകളിൽ ഉയർന്നുവന്ന കള്ളപ്പണ വിവാദത്തെ ട്രോളിക്കൊണ്ടാണ് പാലക്കാട്ട് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയത്. ട്രോളി ബാഗുമായായിരുന്നു പ്രവർത്തകർ ആഘോഷം സംഘടിപ്പിച്ചത്.
ബാഗ് തലയിലേറ്റിയും വലിച്ചും പ്രവർത്തകർ റോഡിലിറങ്ങി. കോൺഗ്രസ് നേതാക്കളും സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പടെ രാഹുലിന്റെ വിജയം ഉറപ്പിച്ച് പ്രതികരിക്കാൻ തുടങ്ങി. വിടി ബൽറാം രാഹുൽ മാങ്കൂട്ടത്തിലിന് ആശംസ നേർന്നു. ഫേസ്ബുക്കിൽ എഴുതിയ പോസ്‌റ്റിൽ രാഹുലും ഷാഫി പറമ്പിൽ എംപിയുമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്.
പ്രചാരണ കാലത്ത് ഏറെ വിവാദം സൃഷ്‌ടിച്ചതായിരുന്നു യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിൽ നീല ട്രോളി ബാഗിൽ പണം കടത്തിയെന്ന ആരോപണം. സിപിഎമ്മും ബിജെപിയുമായിരുന്നു രാഹുലിനെതിരെ ട്രോളി വിവാദം ഉയർത്തുകയും ഇതിന്റെ പേരിൽ വനിതാ നേതാക്കളടക്കം താമസിക്കുന്ന ഹോട്ടൽ മുറിയിൽ പോലീസ് റെയ്‌ഡ് നടത്തുകയും ചെയ്‌തത്.
എന്നാൽ, ഒന്നും തെളിയിക്കാനാവാതെ വന്നതോടെ ആരോപണത്തിൽ നിന്ന് അവർക്ക് പിൻമാറേണ്ടി വന്നു. ഒരുതരത്തിൽ പറഞ്ഞാൽ ആരോപണം ഉന്നയിച്ചവർക്ക് തന്നെ വിവാദം തിരിച്ചടിയായി. ഇതിനെ പരിഹസിച്ചുകൊണ്ടാണ് ഇപ്പോൾ യുഡിഎഫ് പ്രവർത്തകർ ട്രോളി ബാഗുമായി തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നത്.
വോട്ടെണ്ണലിന്റെ ആദ്യഘത്തിൽ എൻഡിഎ സ്‌ഥാനാർഥി സി കൃഷ്‌ണകുമാറാണ് മുന്നിട്ട് നിന്നതെങ്കിലും പിന്നീട് രാഹുൽ ലീഡ് പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ, വീണ്ടും സ്‌ഥിതി മാറി. ബിജെപി വീണ്ടും മുന്നിലെത്തി. നിമിഷ നേരം കൊണ്ട് രാഹുൽ വീണ്ടും ലീഡ് നിലനിർത്തി മുന്നേറുകയാണ്. ഇതോടെയാണ് ആഘോഷവും തുടങ്ങിയത്.
Most Read| ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ; ബെയ്‌റൂട്ടിൽ മിസൈൽ ആക്രമണം