തേമ്പാംമൂട് : വെഞ്ഞാറമൂട് ഇരട്ടകൊലപാതക കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റിലായി. പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിനല്‍കിയെന്ന് സംശയിക്കപ്പെടുന്ന മദപുരം സ്വദേശിനി പ്രീജയുള്‍പ്പെടെ 3 പേരാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പിടിയിലായവരില്‍ ഏറെയും കോണ്‍ഗ്രസ്, ഐഎന്‍ടിയുസി പ്രവര്‍ത്തകരാണെന്ന് പോലീസ് വ്യക്തമാക്കി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകം രാഷ്ട്രീയവൈരം മൂലമാണെന്ന് പോലീസ് നേരത്തെ സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശമാണ് വിരോധത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഡിവൈഎഫ്ഐക്കാരും അറസ്റിലായവരും തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടന്നെന്നും നിരവധി പേര് ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര് അറസ്റ്റിലാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.







































