തിരുവനന്തപുരം: ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട കേസിൽ, കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈം ബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇടുക്കിയിലെ ബാറുടമകളുടെ വാട്സ് ആപ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അർജുൻ രാധാകൃഷ്ണനെന്ന് അന്വേഷണ സംഘം പറയുന്നു. അഡ്മിൻ സ്ഥാനത്ത് നിന്ന് അർജുൻ മാറിയെങ്കിലും ഇപ്പോഴും ഗ്രൂപ്പ് അംഗമായി തുടരുന്നുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഈ സാഹചര്യത്തിൽ വിവരങ്ങൾ ചോദിച്ചറിയാനാണ് അർജുന് നോട്ടീസ് അയച്ചതെന്നാണ് വിശദീകരണം.
അർജുന്റെ ഭാര്യാ പിതാവ് ബാർ ഉടമയാണ്. മൂന്ന് പ്രാവശ്യം ഫോൺ വിളിച്ചിട്ടും അർജുൻ അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. തുടർന്നാണ് നോട്ടീസ് നൽകിയതെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. മദ്യനയത്തിന് ഇളവ് നൽകാൻ സംസ്ഥാന സർക്കാരിന് കോഴ നൽകാൻ ബാർ ഉടമകൾ പിരിവെടുത്തെന്ന ആരോപണമാണ് വിവാദത്തിന് അടിസ്ഥാനം.
പണം ആവശ്യപ്പെട്ട് ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ മുൻ പ്രസിഡണ്ട് അനിമോൻ ജില്ലയിലെ സംഘടനയിലെ അംഗങ്ങൾക്ക് അയച്ച ഓഡിയോ പുറത്ത് വന്നതാണ് വിവാദമായത്. ഡ്രൈ ഡേ പിൻവലിക്കൽ, ബാർ പ്രവർത്തന സമയം കൂട്ടൽ തുടങ്ങിയവ സർക്കാർ ചെയ്ത് തരുമ്പോൾ തിരികെ എന്തെങ്കിലും ചെയ്യണം. അതിനായി പണപ്പിരിവ് വേണമെന്നുമായിരുന്നു അനിമോന്റെ ശബ്ദ സന്ദേശത്തിൽ ഉണ്ടായിരുന്നത്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്