ഡെൽഹി: ഹരിയാനയിലെ കോൺഗ്രസ് എംഎൽഎ കുൽദീപ് ബിഷ്‌ണോയ് ബിജെപിയിലേക്ക്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കുൽദീപ് ബിഷ്‌ണോയ് കൂടിക്കാഴ്‌ച നടത്തി.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിയായ അജയ് മാക്കന് വോട്ട് ചെയ്യാത്ത സംഭവത്തിൽ പാർട്ടിയിൽ നിന്ന് അദ്ദേഹം ഏറെ അകന്നിരുന്നു. അജയ് മാക്കന്റെ സ്‌ഥാനാർഥിത്വത്തിനെതിരെ ഹരിയാനയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കുൽദീപ് ബിഷ്‌ണോയ് ആയിരുന്നു ആ പ്രതിഷേധം മുന്നിൽ നിന്ന് നയിച്ചത്.
തിരഞ്ഞെടുപ്പിൽ അജയ് മാക്കന് വോട്ട് ചെയ്യാതെ ബിജെപി സ്‌ഥാനാർഥിക്കാണ് കുൽദീപ് വോട്ട് ചെയ്‌തത്. അജയ് മാക്കൻ തിരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്.
നേരത്തെ കോൺഗ്രസ് പ്രവർത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവ് എന്ന സ്‌ഥാനമുൾപ്പടെയുള്ള എല്ലാ സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും കോൺഗ്രസ് കുൽദീപിനെ മാറ്റിയിരുന്നു. എന്നാൽ തെറ്റ് തിരുത്തി തിരുച്ചുവരാൻ അവസരമുണ്ടെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. ആ ക്ഷണം അവഗണിച്ചാണ് കുൽദീപ് ബിജെപിയിലേക്ക് ചേക്കേറുന്നത്.
അതേസമയം ട്വിറ്റർ പേജിലൂടെ കുൽദീപ് ബിഷ്‌ണോയ് തന്നെയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. രാഹുൽ ഗാന്ധി ഉൾപ്പടെ ഇടപെട്ടിട്ടും കുൽദീപ് ബിജെപി ചേരിയിലേക്ക് മറിയുകയായിരുന്നു.
Most Read: ഗോൾവാൾക്കർ പരാമർശം; വിഡി സതീശന് എതിരെ ആർഎസ്എസ് നിയമ നടപടിക്ക്








































