ജമ്മുകശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്‌ഥാപിക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നു എന്ന് മുതിര്‍ന്ന നേതാവ് പി.ചിദംബരം. കശ്‌മീരില്‍ രൂപീകരിച്ച പുതിയ സഖ്യത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
‘കശ്‌മീരിലെ മുഖ്യധാര രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്‌ഥാപിക്കുന്നതിനായി നിയമ യുദ്ധത്തിന് ഒരുങ്ങുന്നത് സ്വാഗതാര്‍ഹമാണ്. ജമ്മു കശ്‌മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ നീക്കത്തെ മുഴുവന്‍ ഇന്ത്യയും പിന്തുണക്കേണ്ടതാണ്’, ചിദംബരം ട്വീറ്റ് ചെയ്‌തു. നിയമ വിരുദ്ധമായ നടപടിയാണ് ഓഗസ്‌റ്റ് അഞ്ചിന് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്‌മീരിലെ മുഖ്യധാര രാഷ്‌ട്രീയ പാര്‍ട്ടികളെ വിഘടന വാദികളും ദേശ വിരുദ്ധരായും കാണുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
Also Read: ചൈനീസ് സേനാ സാന്നിധ്യം സുരക്ഷക്ക് ഭീഷണി; എസ് ജയശങ്കർ
വ്യാഴായ്ച്ച ആണ് കശ്‌മീരില്‍ ഗുപ്കാര്‍ കൂട്ടായ്‌മ വിവിധ രാഷ്‌ട്രീയ കക്ഷികളെ ചേര്‍ത്ത് പീപ്പിള്‍സ് അലയന്‍സ് എന്ന സഖ്യം രൂപീകരിച്ചത്. ജമ്മുകശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്‌ഥാപിക്കുക എന്നതാണ് സഖ്യത്തിന്റെ ലക്ഷ്യം. കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ കക്ഷി നേതാക്കള്‍ പങ്കെടുത്തു. ഈ വര്‍ഷം ഓഗസ്‌റ്റ് 22 നാണ് കശ്‌മീരില്‍ ഗുപ്കാര്‍ കൂട്ടായ്‌മ രൂപീകരിച്ചത്.







































