റിയാദ്: ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസയ്ക്ക് ദോഹ ജിസിസി യോഗത്തിലും അംഗീകാരം. സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബാണ് ഇക്കാര്യം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളിൽ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ് ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ. അംഗരാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങൾ ഏകീകൃത വിസ സംബന്ധിച്ച നടപടികൾ ഉടൻ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ.
ഖത്തർ തലസ്ഥാനമായ ദോഹയിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ നേതാക്കളുടെ യോഗം പുറത്തിറക്കിയ അന്തിമ പ്രസ്താവനയിലാണ് സുപ്രീം കൗൺസിലിന്റെ പ്രഖ്യാപനം ഉണ്ടായത്. വിസ പ്രാബല്യത്തിൽ വരുന്നതോടെ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ പ്രത്യേകം വിസ ആവശ്യമുണ്ടാകില്ല. ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം. അടുത്ത വർഷം മുതൽ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ജിസിസി വിസ എല്ലാ രാജ്യങ്ങളിലേയും സാമ്പത്തിക വളർച്ചക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ കൊണ്ടുവരാൻ അടുത്തിടെ മസ്കത്തിൽ ചേർന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ 40ആംമത് യോഗമായിരുന്നു തീരുമാനിച്ചത്. രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധവും ഏകീകരണവും വർധിപ്പിക്കുന്നതിൽ ഇത് ഫലപ്രദമായ സ്വാധീനം ചെലുത്തുമെന്നാണ് വിശദീകരണം. ജിസിസി രാജ്യങ്ങൾക്കിടയിൽ ടൂറിസ്റ്റുകളുടെയും സന്ദർശകരുടെയും സഞ്ചാരം സുഗമമാക്കുന്നതിന് ടൂറിസ്റ്റ് വിസ സഹായിക്കുമെന്നും സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ് വ്യക്തമാക്കി.
വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ആഗോളതലത്തിൽ ഗൾഫ് രാജ്യങ്ങളുടെ സ്ഥാനം ഇത് വർധിപ്പിക്കും. ജിസിസി രാജ്യങ്ങളുടെ വികസനത്തിനും നവോത്ഥാനത്തിനും ഇത് അനുയോജ്യമായ തീരുമാനമാണ്. ഓരോ അംഗരാജ്യങ്ങളിലും ടൂറിസം മേഖലയിൽ നിക്ഷേപത്തിന് അവസരങ്ങൾ തുറക്കുകയും ചെയ്യുമെന്നും ചരിത്രപാമായ നടപടിയാണ് വിസയുടെ അംഗീകാരമെന്നും സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ് കൂട്ടിച്ചേർത്തു.
യൂറോപ്യൻ രാജ്യങ്ങളിൽ ഒറ്റ വിസയിൽ യാത്ര ചെയ്യാൻ ഏറെ സൗകര്യപ്രദമായി ഒരുക്കിയിരിക്കുന്നതാണ് ഷെങ്കൻ വിസ. ഇതിന്റെ മാതൃകയിലേക്കാണ് ജിസിസി ഗൾഫ് രാജ്യങ്ങളും മാറാൻ പോകുന്നത്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കായുള്ള ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും 2024ൽ പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയുമെന്നും യുഎഇ നേരത്തെ വ്യക്തമാക്കിയിരുന്നു. ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവയാണ് ഏകീകൃത വിസ പദ്ധതിയിൽ വരുന്ന മറ്റു രാജ്യങ്ങൾ.
Most Read| ഖത്തറിൽ വധശിക്ഷ; എട്ടു ഇന്ത്യക്കാരെയും കണ്ടു ഇന്ത്യൻ അംബാസിഡർ- പ്രതീക്ഷ








































