തിരുവനന്തപുരം: ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ പരാമർശം വിവരമില്ലാത്ത രാഷ്ട്രീയക്കാരന്റെ വെറും പാഴ്വാക്ക് മാത്രമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഇത്തരം ഭീഷണികളെ വകവെക്കുന്നില്ല. കേസെടുക്കണമെന്ന് തനിക്ക് വ്യക്തിപരമായി താൽപര്യമില്ല. എന്നാൽ കേസെടുക്കുന്നതിൽ എതിർപ്പുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ ധീരജിന്റെ കൊലപാതകം ഇരന്നുവാങ്ങിയത് എന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കെ സുധാകരന്റെ ജീവൻ സിപിഎം കൊടുക്കുന്ന ഭിക്ഷയാണെന്നായിരുന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ പരാമർശം. ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ ഞങ്ങൾക്ക് താൽപര്യമില്ലെന്നും വർഗീസ് പറഞ്ഞു. രണ്ട് ദിവസങ്ങൾക്ക് മുൻപ് കോൺഗ്രസിന്റെ ഒരു പ്രതിഷേധ സംഗമം ചെറുതോണിയിൽ സംഘടിപ്പിച്ചിരുന്നു. അന്ന് അവിടെയെത്തിയ കെ സുധാകരൻ ധീരജ് വധക്കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ജയിലിൽ കഴിയുന്ന നിഖിൽ പൈലി അടക്കമുള്ള പ്രതികളെ ന്യായീകരിച്ച് പ്രസംഗം നടത്തിയിരുന്നു.
ഒപ്പം കോൺഗ്രസിൽ നിന്ന് മാറി സിപിഎമ്മിൽ ചേർന്ന ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജി ചന്ദ്രനെതിരെയും കെപിസിസി പ്രസിഡണ്ട് പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ സിപിഎം ഇന്നലെ ചെറുതോണിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് സിവി വർഗീസ് കെ സുധാകരനെതിരെ രംഗത്തെത്തിയത്. സിവി വർഗീസ് പ്രസംഗിക്കുന്നതിന് മുൻപ് എംഎം മണി അടക്കമുള്ള മുതിർന്ന നേതാക്കളും പ്രസംഗിച്ചിരുന്നു. എംഎം മണിയുടെ പ്രസംഗത്തിലും സുധാകരനെതിരെ കൊലവിളി ഉണ്ടായി. ഇത് ശരിവെച്ച് കൊണ്ടാണ് സിവി വർഗീസ് വിവാദ പരാമർശം നടത്തിയത്.
Most Read: പിതൃത്വത്തെ ചൊല്ലി തർക്കം; ഒന്നര വയസുകാരിയുടെ കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്





































