കാസർഗോഡ്: ബദിയടുക്കയിൽ മദ്യലഹരിയിൽ ആയിരുന്ന യുവാവ് സഹോദരനെ കുത്തിക്കൊന്നു. കാസർഗോഡ് ബദിയടുക്ക ഉപ്പളിഗ സ്വദേശി രാജേഷ് ഡിസൂസയാണ് ജ്യേഷ്‌ഠൻ തോമസ് ഡിസൂസയെ കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ രാജേഷ് ഡിസൂസയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
ആക്രമണത്തിൽ ഇവരുടെ അയൽക്കാരനായ വിൽഫ്രഡ് ഡിസൂസക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. വീട്ടിൽ വെച്ച് മദ്യപിച്ചിരുന്ന ഇരുവരും തമ്മിൽ ആദ്യം വാക്കുതർക്കമുണ്ടായി. പിന്നാലെ തർക്കം അടിപിടിയിൽ കലാശിച്ചു.
ഇതിനിടെയാണ് രാജേഷ് ഡിസൂസ ജ്യേഷ്‌ഠനെ കത്തി കൊണ്ട് കുത്തിയത്. സംഭവസമയം ഇവരുടെ വീട്ടിൽ ഉണ്ടായിരുന്ന അയൽക്കാരൻ വിൽഫ്രഡ് ഡിസൂസയെയും രാജേഷ് കുത്തി പരിക്കേൽപ്പിച്ചു. കുത്തേറ്റ തോമസ് ഡിസൂസ വീട്ടിൽ വെച്ചുതന്നെ മരിച്ചെന്നാണ് പോലീസ് നൽകുന്ന വിവരം. ഇയാളുടെ മൃതദേഹം ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Most Read: സിൽവർ ലൈൻ; പ്രതിഷേധം കനത്തു-കോഴിക്കോട് ഇന്ന് കല്ലിടൽ ഉണ്ടാകില്ല