കോഴിക്കോട്: മിഠായി തെരുവിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ച് കോർപറേഷൻ. കടകളുടെ മുൻവശം നടത്തുന്ന കച്ചവടങ്ങളാണ് ഒഴിപ്പിച്ചത്. കോർപറേഷൻ നടപടിക്കെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. കോർപറേഷൻ ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടു.
സെപ്റ്റംബറിൽ മിഠായി തെരുവിൽ ഉണ്ടായ തീപിടുത്തത്തിന് ശേഷം കടകളിൽ പരിശോധന നടത്തിയാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. കോർപറേഷൻ വിവിധ ഡിവിഷനിലുള്ള അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന പൂർത്തീകരിച്ചത്. കച്ചവടക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ അനുവദിച്ച ഒരുമാസ സമയം അവസാനിച്ചതിന് ശേഷമാണ് കോഴിക്കോട് ടൗൺ പ്ളാനിങ് വിഭാഗം കടുത്ത നടപടിയിലേക്ക് കടന്നത്. 192 കടകൾക്കായിരുന്നു നോട്ടീസ് നൽകിയത്.
അനധികൃത നിർമാണവും വഴിയോരത്തടക്കം കച്ചവടം നടത്തുന്നതും ഗോവണിപ്പടികൾ സ്റ്റോറേജായി ഉപയോഗിക്കുന്നതടക്കമുള്ള അനധികൃത പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. പിന്നീട് നടത്തിയ പരിശോധനയിൽ 16 കടകൾ മാത്രമാണ് നോട്ടീസിൽ നൽകിയ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനം നടത്തുന്നതായി കണ്ടെത്തിയത്. തുടർന്നാണ് ഒഴിപ്പിക്കലിലേക്ക് നീങ്ങിയത്. അതേസമയം, അശാസ്ത്രീയ നടപടി അല്ലെന്നും അറിയിപ്പ് നൽകിയിട്ടാണ് ഒഴിപ്പിക്കുന്നതെന്നും കോഴിക്കോട് ടൗൺ പ്ളാനിങ് സെക്രട്ടറി കെയു ബീന അറിയിച്ചു.
Most Read: ജോജുവിന്റെ കാർ തകർത്ത കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ




































