ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ സന്ദര്‍ശിക്കാന്‍ അഭിഭാഷകന് അനുമതി ലഭിച്ചു. ബിനീഷിനെ കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന് കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയാണ് ബിനീഷിനെ കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അഭിഭാഷകന് ഇന്ന് ബെംഗളൂരു ഇഡി ഓഫീസില്‍ എത്തി ബിനീഷിനെ സന്ദര്‍ശിക്കും.
അറസ്റ്റിലായ ശേഷം നിരവധി തവണ അഭിഭാഷകനും സഹോദരന് ബിനോയ് കോടിയേരിയും ബിനീഷിനെ സന്ദര്‍ശിക്കാന്‍ ബെംഗളൂരു ഇഡി ആസ്ഥാനത്ത് എത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
ബിനീഷിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടിയ സാഹചര്യത്തില്‍ ഇന്നും ചോദ്യം ചെയ്യല്‍ തുടരും. കേസുമായി ബന്ധപ്പെട്ട് ഇഡി ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2012 മുതല്‍ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ 5 കോടിയോളം രൂപ മയക്കുമരുന്ന് കേസിലെ പ്രതിയായ മുഹമ്മദ് അനൂപിന് ബിനീഷ് കൈമാറിയിട്ടുണെന്നാണ് വ്യക്തമാക്കുന്നത്. മയക്കുമരുന്ന് ഇടപാടിലൂടെ സമാഹരിച്ച പണമാണ് ഇതെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു. ബിനീഷ് മയക്കുമരുന്ന് കടത്തിയതായി മൊഴി ലഭിച്ചിട്ടുണ്ട് എന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്ന മറ്റൊരു കാര്യം.
Read also : ജീവൻ കൈവിടാതെ 65 മണിക്കൂർ; ഭൂകമ്പത്തിൽ കാണാതായ മൂന്ന് വയസുകാരിയെ രക്ഷപെടുത്തി







































