തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വൈറസിന്റെ ഡെൽറ്റ പ്ളസ് വകഭേദം കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ കടപ്രയിലുള്ള 4 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മെയ് 24ആം തീയതിയാണ് കുട്ടിക്ക് കോവിഡ് ബാധിച്ചത്. തുടർന്ന് ഡെൽഹിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് ഡെൽറ്റ പ്ളസ് വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. പരിശോധനാ ഫലം ഇന്നാണ് ലഭിച്ചത്.
കോവിഡ് ബാധിച്ചതിനെ തുടർന്ന് കോട്ടയം ഐസിഎച്ചിലാണ് കുട്ടിക്ക് ചികിൽസ നൽകിയത്. നിലവിൽ ആശുപത്രി വിട്ട കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ കുടുംബത്തിലെ 8 പേർ ഉൾപ്പടെ വാർഡിൽ 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കടപ്ര പഞ്ചായത്തിൽ നിലവിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.42 ശതമാനമാണ്. ഡെൽറ്റ പ്ളസ് വകഭേദം സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ കർശന നിരീക്ഷണത്തിന് അധികൃതർ നിർദ്ദേശം നൽകി. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡിന്റെ ഡെൽറ്റ വകഭേദമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഡെൽറ്റ വകഭേദം ബാധിച്ച ഒരാളിൽ നിന്ന് സാധാരണ നിലയിൽ 3 പേർക്കാണ് രോഗം പകരാൻ സാധ്യത. എന്നാൽ ഡെൽറ്റ പ്ളസ് ബാധിതനായ ഒരാളിൽ നിന്നും 5 മുതൽ 10 പേരിലേക്ക് രോഗവ്യാപനം ഉണ്ടാകാം.
Read also : ജമ്മു കശ്മീർ ഒരു ജനതയാണ്, റിയല്‍ എസ്റ്റേറ്റ് ഭൂമിയല്ല; പി ചിദംബരം







































