പമ്പ: ശബരിമലയിലെ കോവിഡ് നിയന്ത്രണങ്ങളും, പരിശോധനകളും ശക്‌തമാക്കി. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നത് കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ ദിവസം സന്നിധാനത്ത് മാത്രം നടത്തിയ പരിശോധനയിൽ 36 പേർക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. പോലീസ് ഉദോഗസ്‌ഥർക്ക് ഇടയിൽ രോഗം വ്യാപിക്കുന്നത് ആശങ്കൾക്ക് ഇടയാക്കുന്നുണ്ട്. കടുത്ത ജാഗ്രത പുലർത്താനാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.
പമ്പ, സന്നിധാനം, നിലക്കൽ എന്നിവിടങ്ങളിലായി 48 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചത്. സന്നിധാനത്ത് 238 പേരിൽ നടത്തിയ പരിശോധനയിലാണ് 36 പേർക്ക് രോഗം കണ്ടെത്തിയത്. 18 പോലീസുകാർ, 17 ദേവസ്വം ബോർഡ് ജീവനക്കാർ, ഒരു ഹോട്ടൽ ജീവനക്കാരൻ എന്നിവരിലാണ് രോഗം കണ്ടെത്തിയത്. നിലക്കലിൽ ഏഴ് പോലീസുകാർ ഉൾപ്പെടെ 11 പേർക്കും, പമ്പയിൽ ഒരു ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥനുമാണ് രോഗം സ്‌ഥിരീകരിച്ചത്.
അതേസമയം തീർഥാടകരിൽ രോഗം കണ്ടെത്താത്ത സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ദേവസ്വം ബോർഡ് അധികൃതർ വ്യക്‌തമാക്കി. എന്നാൽ ജീവനക്കാരും പോലീസ് ഉദ്യോഗസ്‌ഥരും കോവിഡ് ബാധിതരാവുന്നത് കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി.
സന്നിധാനത്തും പമ്പയിലും ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ എണ്ണം കുറച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
Read Also: അവസാന ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്‌ദ പ്രചാരണം