ഇടുക്കി: ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിൽ തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി എംപി ഡീൻ കുര്യാക്കോസും വ്ളോഗർ സുജിത്തും. തങ്ങളുടെ സന്ദർശനത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയതിനാലാണ് ഇടമലക്കുടി സന്ദർശിച്ചത് എന്നും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പറഞ്ഞു.
“ഞങ്ങളുടെ സന്ദര്‍ശനവും ഇപ്പോഴത്തെ കോവിഡ് ബാധയും തമ്മില്‍ എന്ത് ബന്ധമാണെന്ന് മനസിലാവുന്നില്ല. ഞാന്‍ അവിടെ പോയിട്ട് 10 ദിവസം കഴിഞ്ഞു. രോഗിയുടെ റൂട്ട് മാപ്പ് പരിശോധിച്ചാല്‍ എങ്ങനെയാണ് രോഗം വന്നതെന്ന് വ്യക്തമാകും. തുടര്‍ന്ന് മറുപടി പറയാം,”- ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.
“മാസ്കും മറ്റ് എല്ലാ മുൻകരുതലും സ്വീകരിച്ചാണ് ഞങ്ങള്‍ പോയത്. ഞങ്ങള്‍ മാത്രമല്ല, അവിടേക്ക് ധാരാളം പേര് വരുന്നുണ്ട്. അവിടെയുള്ളവര്‍ പുറത്തുവന്ന് പോകുന്നുണ്ട്. ടെസ്റ്റ് നടത്തിയാണ് പോയത്. ഇപ്പോഴും ആര്‍ക്കും കുഴപ്പമില്ല. അവിടെയുള്ളവരാണ് മാസ്ക് ധരിക്കാത്തത്. സ്ഥലം എംപിയാണ് എന്നെ വിളിച്ചത്, അങ്ങനെയാണ് പോയത്,”- വ്ളോഗർ സുജിത്ത് ഭക്തൻ പറഞ്ഞു.
രണ്ട് പേർക്കാണ് ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇരുപ്പ്ക്കല്ല് ഊരിലെ 40കാരിക്കും ഇടലിപ്പാറ ഊരിലെ 24കാരനുമാണ് കോവിഡ് ബാധിച്ചത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇടമക്കുടിയിൽ രോഗം സ്ഥിരീകരിക്കുന്നത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ഉറവിടം കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിച്ചേക്കും. രോഗവ്യാപനത്തെ ചെറുക്കാനുള്ള എല്ലാവിധ സംവിധാനങ്ങളും സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം.
Most Read: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സെപ്റ്റംബര്‍ മുതല്‍ സ്പുട്നിക് വാക്സിന് നിര്‍മിക്കും







































