കോഴിക്കോട് : സംസ്‌ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്‌സിനേഷൻ ഉടൻ ആരംഭിക്കുന്ന സാഹചര്യത്തിൽ വിതരണത്തിനായി ജില്ലയില്‍ വാക്‌സിന്‍ എത്തി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലേക്കും മാഹിയിലേക്കുമുള്ള വാക്‌സിനാണ് കോഴിക്കോട് എത്തിച്ചത്. പൂനെ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും 1,19,500 ഡോസ് വാക്‌സിനാണ് ജില്ലയില്‍ കഴിഞ്ഞ ദിവസമെത്തിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച വാക്‌സിന്‍ ആര്‍സിഎച്ച് ഓഫിസര്‍ ഡോക്‌ടർ ടി മോഹന്‍ദാസ് ഏറ്റുവാങ്ങി, പ്രത്യേകം ക്രമീകരിച്ച ട്രക്കിലാണ് മലാപ്പറമ്പ് റീജനല്‍ വാക്‌സിന്‍ സ്‌റ്റോറിലെത്തിച്ചത്. പ്രത്യേകം താപനില ക്രമീകരിച്ച പെട്ടികളിലാണു വാക്‌സിന്‍ എത്തിച്ചത്. ഓരോ ബോക്‌സിലും 12,000 ഡോസ് വാക്‌സിന്‍ ഉണ്ട്. കോഴിക്കോട് റീജിയണല്‍ സെന്ററില്‍ നിന്നും ഇന്ന് മറ്റ് ജില്ലകളിലേക്ക് വാക്‌സിന്‍ കൊണ്ടുപോകും.
16ആം തീയതി മുതല്‍ ആരംഭിക്കുന്ന വാക്‌സിനേഷനായി വിപുലമായ സജ്‌ജീകരണങ്ങളാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്. സജ്‌ജീകരണങ്ങളെല്ലാം കളക്‌ടർ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരടങ്ങിയ സംഘം വിലയിരുത്തി. ജില്ലയില്‍ നേരത്തെ നടത്തിയ ഡ്രൈ റണ്ണും വിജയകരമായിരുന്നു. 33,799 ആരോഗ്യപ്രവര്‍ത്തകരാണ് വാക്‌സിനേഷനായി ജില്ലയില്‍ നിന്നും രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്.
Read also : നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി വസന്ത വാങ്ങിയത് ചട്ടം ലംഘിച്ച്; റിപ്പോർട്ട്