തിരുവനന്തപുരം: കോവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ 200-ൽ നിന്നും 500 ആയി ഉയർത്തി. ഇതുവരെ 500 രൂപ ഈടാക്കിയിരുന്ന കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്ക് ഇനിമുതൽ 5000 രൂപ വരെ പിഴയടക്കേണ്ടി വരും. ക്വാറന്റെയ്ൻ ലംഘനം, ലോക്ക് ഡൗൺ ലംഘനം, നിയമം ലംഘിച്ചുള്ള കൂട്ടം കൂടൽ എന്നിവക്കുള്ള പിഴത്തുകയിലും ഗണ്യമായ വർധന വരുത്തിയിട്ടുണ്ട്.
അനുമതിയുള്ളതിൽ കൂടുതൽ ആളുകളെ വിവാഹച്ചടങ്ങിൽ പങ്കെടുപ്പിച്ചാലുള്ള പിഴ 1000 രൂപയിൽ നിന്ന് 5000 രൂപയാക്കി ഉയർത്തി. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെ നിയന്ത്രണ ലംഘനത്തിന് 2000 രൂപ പിഴ ചുമത്തും. കടകളിലും മറ്റും ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാൽ 3000 രൂപയാണ് പിഴ.
സാമൂഹിക കൂട്ടായ്മകൾ, ധർണ, റാലി എന്നിവയുടെ നിയന്ത്രണ ലംഘനങ്ങൾക്ക് 3000, ക്വാറന്റെയ്ൻ ലംഘനത്തിന് 2000, കൂട്ടം ചേരലിന് 5000, നിയന്ത്രിത മേഖലകളിൽ കടകളോ ഓഫീസുകളോ തുറന്നാൽ 2000, ലോക്ക് ഡൗൺ ലംഘനത്തിന് 500 എന്നിങ്ങനെയാണ് പുതുക്കിയ പിഴ.
അതേസമയം, സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറവുണ്ട്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ രണ്ട് ദിവസമായി പത്തിന് താഴെയാണ്. എന്നാൽ ജാഗ്രത കൈവിടാനുള്ള സാഹചര്യത്തിലേക്ക് എത്തിയിട്ടില്ല. പലയിടങ്ങളിലും ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങളോട് മുഖം തിരിച്ച് നിൽക്കുന്ന നിലപാടുണ്ട്. ഈ സാഹചര്യത്തിലാണ് പിഴത്തുക ഉയർത്തിയത്.
National News: ഡിസംബറോടെ 10 കോടി ഡോസ് ഒക്സ്ഫോർഡ് വാക്സിൻ ലഭ്യമാക്കും; സിറം ഇൻസ്റ്റിറ്റ്യൂട്ട്