ന്യൂഡെൽഹി: ഡിസംബറോടെ രാജ്യത്ത് 10 കോടി ഡോസ് ഒക്‌സ്‌ഫോർഡ് അസ്ട്രസെനക കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാകുമെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനവാല പറഞ്ഞു. വാക്‌സിന്റെ അവസാനഘട്ട പരീക്ഷണ ഫലം മഹാമാരിയിൽ നിന്ന് കൃത്യമായ സംരക്ഷണം നൽകുന്നതാണെന്നും സിറം ഇൻസ്‌റ്റിറ്റ്യൂട്ട് അറിയിച്ചു.
ഏറ്റവും ചുരുങ്ങിയത് 10 കോടി ഒക്‌സ്‌ഫോർഡ് കോവിഡ് വാക്‌സിൻ ഡോസുകൾ വികസിപ്പിക്കുന്നതിന് സിറം പങ്കാളികളാണ്. അടുത്ത മാസത്തോടെ കേന്ദ്ര സർക്കാരിൽ നിന്ന് വാക്‌സിന് വേണ്ട അടിയന്തര അംഗീകാരം ലഭിച്ചേക്കുമെന്നും സിറം ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അറിയിച്ചു. ആദ്യം ഉൽപാദിപ്പിക്കുന്ന വാക്‌സിനിൽ നിന്ന് തന്നെ ഇന്ത്യക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
നിലവിൽ 5 മരുന്ന് നിർമാണ കമ്പനികളുമായി സിറം ഇൻസ്‌റ്റിറ്റ്യൂട്ട് കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ 40 ദശലക്ഷം ഒക്‌സ്‌ഫോർഡ് വാക്‌സിൻ ഉൽപാദിപ്പിച്ചതായി നേരത്തെ സിറം അറിയിച്ചിരുന്നു. നോവ വാക്‌സിന്റെ കോവിഡ് വാക്‌സിൻ ഉടൻ ഉൽപാദനം തുടങ്ങുമെന്നും ഇൻസ്‌റ്റിറ്റ്യൂട്ട് അറിയിച്ചു.
Read also: ഫൈസർ വാക്‌സിൻ; പരീക്ഷണത്തിന് വിധേയരായവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ