പറവൂർ: സിപിഐ വിമത നീക്കത്തിൽ പ്രതിഷേധിച്ച് പറവൂരിലും കൂട്ടരാജി. പറവൂരിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് സിപിഐ ജില്ലാ കൗൺസിൽ അംഗം രമ ശിവശങ്കരൻ പാർട്ടി വിട്ടു. പറവൂർ നിയോജക മണ്ഡലത്തിൽ എംടി നിക്സണെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ് രാജി.
കേരള മഹിളാ സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയായ രമ ശിവശങ്കരനാണ് സിപിഐ ഭാരവാഹിത്വവും അംഗത്വവും രാജി വെച്ച് പ്രതിഷേധിച്ചത്. ജില്ലയിലെ സിപിഐ നിലപാടുകളിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്ന് രാജി വെക്കുന്നതായി ശനിയാഴ്ച വൈകിട്ടാണ് രമ മാദ്ധ്യമങ്ങളെ അറിയിച്ചത്.
സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി ശുപാർശ ചെയ്ത പേരുകളിൽ രമയുടെ പേരും ഉൾപ്പെട്ടിരുന്നു. അവസാന നിമിഷം ഇവരെ പരിഗണിക്കുന്നതായും വാർത്തകൾ വന്നിരുന്നു. അഖിലേന്ത്യാ കിസാൻ സഭാ ദേശീയ കൗൺസിൽ അംഗമാണ് രമ. പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
തത്കാലത്തേക്ക് മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്കില്ല. ചില പാർട്ടികൾ തന്നെ സമീപിച്ചതായും രമ പറഞ്ഞു.
Also Read: സ്ഥാനാർഥി ആക്കുമോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും; കെ മുരളീധരൻ



































