പാലക്കാട്: 10ലക്ഷം രൂപ ആവശ്യപ്പെട്ട് സിപിഎം പ്രവര്ത്തകന് ഭീഷണിപ്പെടുത്തുന്നു എന്നും അതുകൊണ്ടുതന്നെ സംരംഭം തുടങ്ങാനാകുന്നില്ലെന്നും ഉള്ള ആരോപണവുമായി യുവാവ് രംഗത്ത്. മണ്ണാര്‍ക്കാട് സ്വദേശിയായ യുവസംരംഭകനാണ് സിപിഎം പ്രവർത്തകന് എതിരെ ആരോപണവുമായി രംഗത്തെത്തിയത്.
അയല്‍വാസിയായ സിപിഎം പ്രവര്ത്തകന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ശല്യം ചെയ്യുന്നതായാണ് ആരോപണം. എന്നാല്‍ യുവാവിന്റെ ആരോപണം വ്യാജമാണെന്നും ചുറ്റുമതില്‍ ബലപ്പെടുത്തുന്നുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും ആരോപണവിധേയനായ സിപിഎം പ്രവര്ത്തകന് സന്തോഷ് പറഞ്ഞു.
കുമരംപുത്തൂര്‍ വട്ടമ്പലത്ത് സ്പോട്സ് അക്കാദമി തുടങ്ങാനാണ് യുവസംരംഭകനായ മുഹമ്മദ് ഷാഫി 92 സെന്റ് സ്ഥലം വാങ്ങിയത്. എന്നാൽ സ്ഥലം നിരപ്പാക്കിയതു മുതല്‍ അയല്‍വാസിയായ സിപിഎം പ്രവര്ത്തകന് സന്തോഷ് കുമാര്‍ തടസം നില്‍ക്കുന്നുവെന്നാണ് പരാതി. അതിനിടെ ചുറ്റുമതിലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. പിന്നീട് പണി തടസപ്പെടുത്താനുള്ള ശ്രമമുണ്ടായതായും ഷാഫി പറയുന്നു. തടസമുണ്ടാക്കാതിരിക്കാന്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായും ഷാഫി പറയുന്നു.
എന്നാല്‍ ആരോപണം നിഷേധിച്ച സന്തോഷ്, തന്റെ പുരയിടത്തോട് ചേര്‍ന്ന ഭാഗത്ത് ബലപ്പെടുത്തി മതില് നിർമിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് പറഞ്ഞു. പണം ചോദിച്ചെന്ന ആരോപണം വ്യാജമാണെന്നും അവകാശപ്പെട്ടു. ഇരുകൂട്ടരുടെയും പരാതി കേട്ടെന്നും മതില് ബലപ്പെടുത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ടെന്നും സിപിഎം കുമരംപത്തൂര്‍ ബ്രാഞ്ച് സെക്രട്ടറി പറഞ്ഞു. സംരംഭകന് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനം ഉണ്ടാകില്ലെന്നും സിപിഎം വിശദീകരിച്ചു. എന്നാല്‍ നിര്‍മാണ ജോലിക്കാരെ സന്തോഷ് തടസപ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള പരാതിയില്‍ പോലീസ് നടപടിയെടുത്തില്ലെന്ന് ഷാഫി ആരോപിക്കുന്നു.
Most Read: ഗുലാം നബി ആസാദ് ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും








































