കോഴിക്കോട്: ജില്ലയിലെ ബീച്ച് റോഡിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. സമാപനം കുറിച്ചുള്ള പൊതുസമ്മേളനം കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ഉപേക്ഷിക്കില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അറിയിച്ചു. പൊതുസമ്മേളനം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്നാണ് പി മോഹനൻ അറിയിച്ചിരിക്കുന്നത്.
ബീച്ചിൽ നടക്കുന്ന സമ്മേളനം 200 കേന്ദ്രങ്ങളിൽ തൽസമയം കാണിക്കും. സമുദ്ര ഓഡിറ്റോറിയത്തിലെ പ്രതിനിധികളുടെ എണ്ണം ക്രമീകരിക്കും. സമ്മേളനത്തിന്റെ അവസാന ദിവസമായതിനാൽ ഇന്ന് കൂടുതൽ പ്രതിനിധികൾ ഉണ്ടാവില്ല. കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കാനുള്ള ഒരു ശ്രമവും ഇതുവരെ പാർട്ടിയിൽ നിന്ന് ഉണ്ടായിട്ടില്ല. സിപിഎം സമ്മേളനങ്ങളിൽ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നു എന്ന പ്രചാരണം തെറ്റാണെന്നും പി മോഹനൻ പറഞ്ഞു.
ഒമൈക്രോൺ ജാഗ്രതയുടെ ഭാഗമായി സംസ്‌ഥാനത്തെ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും സിപിഎം സമ്മേളനങ്ങളും അനുബന്ധ പരിപാടികളും നിയന്ത്രണങ്ങൾ ഇല്ലാതെ തുടരുന്നതിനെതിരെ ഉയർന്ന വിമർശനങ്ങളുടെ പശ്‌ചാത്തലത്തിലാണ് കോഴിക്കോട്ടെ പാർട്ടി സമ്മേളനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ നേതൃത്വം തീരുമാനിച്ചത്.
Most Read: കൊച്ചിയിൽ മലിനീകരണം രൂക്ഷം; വൈറ്റിലയുടെ സ്‌ഥിതി അനാരോഗ്യകരം