തൊടുപുഴ: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ മരുമകൻ അനധികൃത ഖനനം നടത്തിയെന്ന റിപ്പോർട് പുറത്ത്. ഇടുക്കി ജില്ലാ ജിയോളജിസ്‌റ്റ് 2024 സെപ്‌തംബർ 20നാണ് ഇടുക്കി ജില്ലാ കളക്‌ടർക്ക് ഇതുസംബന്ധിച്ച റിപ്പോർട് നൽകിയത്.
ഇടുക്കി താലൂക്കിലെ തങ്കമണി വില്ലേജിൽ ശാന്തിഗ്രാം- പള്ളിക്കാനം റോഡിലുള്ള സർക്കാർ പാറ പുറമ്പോക്ക് ഭൂമിയിൽ വർഗീസിന്റെ മരുമകൻ സജിത്ത് കെഎസ്. കടലാടിമറ്റത്തിൽ അനധികൃതമായി ഖനനം നടത്തിയെന്നാണ് ജിയോളജിസ്‌റ്റ് കളക്‌ടർക്ക് റിപ്പോർട് നൽകിയിട്ടുള്ളത്.
ഖനനം ചെയ്‌തെടുത്ത പാറയുടെ അളവും വില്ലേജ് ഓഫീസറുടെ മഹസറിലെ അളവും തമ്മിൽ വ്യത്യാസമുണ്ടെന്നും ഇതുസംബന്ധിച്ചു വ്യക്‌തത വരുത്താൻ തഹസിൽദാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അനധികൃത ഖനനവുമായി ബന്ധപ്പെട്ട് സിവി വർഗീസിനും മകൻ അമൽ, മരുമകൻ സജിത്ത് എന്നിവർക്കുമെതിരെ അന്വേഷണം നടത്താൻ ജില്ലാ കളക്‌ടർ ഉത്തരവിട്ടിരുന്നു. പൊതുപ്രവർത്തകൻ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. നേരത്തെ സിപിഎം ജില്ലാ സമ്മേളനം നടക്കുമ്പോഴും വർഗീസിനെതിരെ അനധികൃത ഖനന ആരോപണങ്ങൾ ഉയർന്നിരുന്നു.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ