അനധികൃത ഖനനം; താമരശ്ശേരി രൂപതയിലെ പള്ളിക്കെതിരെ കടുത്ത നടപടി

By News Desk, Malabar News
Illegal mining; Strict action against the church in Thamarassery diocese
Representational Image
Ajwa Travels

കോഴിക്കോട്: അനധികൃത ഖനനനത്തിന് പിഴയൊടുക്കാത്തതിൽ താമരശ്ശേരി രൂപതക്ക് കീഴിലെ പളളിക്കെതിരെ നടപടി കടുപ്പിച്ച് ജിയോളജി വകുപ്പ്. പിഴത്തുകയായ 23.5 ലക്ഷം രൂപ ഒടുക്കാത്തതിനാൽ റവന്യൂ റിക്കവറിയിലേക്ക് കടക്കേണ്ടിവരുമെന്ന് ജിയോളജി വകുപ്പ് ലിറ്റിൽ ഫ്‌ളവർ ചർച്ച് വികാരിക്ക് നോട്ടീസയച്ചു. ക്വാറി പ്രവർത്തിച്ചിരുന്ന ഭൂമിയുടെ ഉടമസ്‌ഥാവകാശം വ്യക്‌തമാക്കാൻ കൂടരഞ്ഞി വില്ലേജ് ഓഫിസർക്ക് ജിയോളജി വകുപ്പ് നിർദ്ദേശം നൽകി.

കൂടരഞ്ഞി വില്ലേജിൽ, താമരശ്ശേരി രൂപതക്ക് കീഴിൽ ലിറ്റിൽ ഫ്‌ളവർ ചർച്ചിന്റെ പേരിലുളള ഭൂമിയിൽ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ക്വാറിക്ക് അനുമതിയില്ലെന്ന കണ്ടെത്തലിൽ 23,53,013 രൂപ പിഴയൊടുക്കാനായിരുന്നു കോഴിക്കോട് ജില്ല ജിയോളജിസ്‌റ്റിന്റെ ഉത്തരവ്. ഏപ്രിൽ 30നകം പിഴയൊടുക്കണമെന്ന നിർദ്ദേശം ഇതുവരെ പാലിക്കപ്പെടാത്തതിനാലാണ് നടപടി കടുപ്പിക്കുന്നത്. ഈ മാസം 15നകം പിഴത്തുക ഒടുക്കിയില്ലെങ്കിൽ റവന്യൂ റിക്കവറിയിലേക്ക് കടക്കുമെന്ന് കാണിച്ച് ജില്ലാ ജിയോളജിസ്‌റ്റ് ലിറ്റിൽ ഫ്‌ളവർ പളളി വികാരിക്ക് ഡിമാൻഡ് നോട്ടീസ് അയച്ചിട്ടും രൂപതയോ പളളിവികാരിയോ ഇതിനോട് പ്രതികരിക്കാത്തതിനെ തുടർന്നാണ് റവന്യൂ റിക്കവറിയിലേക്ക് കടക്കുന്നത്.

നടപടിക്ക് മുന്നോടിയായി ക്വാറി പ്രവ‍ർത്തിക്കുന്ന സ്‌ഥലത്തിന്റെ ഉടമസ്‌ഥത, കൈവശാവകാശം തുടങ്ങിയ വിവരങ്ങൾ നൽകാൻ കൂടരഞ്ഞി വില്ലേജ് ഓഫിസറോട് ജിയോളജി വകുപ്പ് ആവശ്യപ്പെട്ടു. ഇത് കിട്ടുന്ന മുറയ്ക്ക് റവന്യൂ റിക്കവറിക്കായി എഡിഎമ്മിനോട് ശുപാർശ ചെയ്യും. 2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ പള്ളിക്ക് കീഴിലെ രണ്ട് ക്വാറികളിലായി 61,900.33 ഘനമീറ്റർ കരിങ്കല്ല് ഖനനം ചെയ്‌തതായാണ് കണ്ടെത്തിയത്. 3200 ഘനമീറ്റർ കല്ലെടുക്കാനുളള അനുമതി പളളി അധികൃതര്‍ നേടിയിരുന്നു. എന്നാല്‍ ഖനനം ചെയ്‌തതാകട്ടെ 58,700.33 ഘനമീറ്റർ കരിങ്കല്ല്. ക്വാറിക്ക് അനുമതിയില്ലെന്ന് കാട്ടി കാത്തലിക് ലേമെന്‍ അസോസിയേഷനായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

രണ്ടുമാസത്തിനകം നടപടിയെടുക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്‌തു. തുടര്‍ന്നായിരുന്നു ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ജില്ല ജിയോളജിസ്‌റ്റ് പിഴ ചുമത്തിയത്. താമരശ്ശേരി ബിഷപ്പ് റെമേജിയോസ് ഇഞ്ചനാനിയിൽ, ലിറ്റില്‍ ഫ്‌ളവർ ചർച്ച് വികാരി ഫാദർ മാത്യു തെക്കെടിയില്‍ എന്നിവരാണ് കേസിലെ എതിർ കക്ഷികള്‍. പളളിയുടെയും പളളിയുടെ കീഴിലുളള സ്‌ഥാപനങ്ങളുടെയും ആവശ്യത്തിനായാണ് കല്ല് ഉപയോഗിച്ചതെന്നാണ് പളളി അധികൃതരുടെ വിശദീകരണം. അതേസമയം നടപടികളോട് പ്രതികരിക്കാൻ രൂപത നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Most Read: 12 കഴിഞ്ഞാൽ 11 മണി, സമയം ശരിയല്ലാ… ഈ നാട് ഇങ്ങനെയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE