കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിക്കാൻ സിപിഎം രഹസ്യ ധാരണ ഉണ്ടാക്കിയതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. ബിജെപിയെ 10 സീറ്റുകളിൽ ജയിപ്പിക്കാനും തിരിച്ച് 10 സീറ്റിൽ പിന്തുണക്കാനും ബിജെപി-സിപിഎം ധാരണ ഉണ്ടാക്കിയതായി അദ്ദേഹം കോഴിക്കോട്ട് ആരോപിച്ചു.
കോൺഗ്രസ് മുക്ത ഭാരതമാണ് ബിജെപിയും സിപിഎമ്മും ലക്ഷ്യം വെക്കുന്നത്. അതിനായി കേരളത്തിൽ ബിജെപിയെ മുഖ്യ പ്രതിപക്ഷമാക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്നും കെപിഎ മജീദ് പറഞ്ഞു. തൊഴിലിനും വികസനത്തിനും അഴിമതി മുക്ത കേരളത്തിനും മതേതര സംരക്ഷണത്തിനുമായി എസ്ടിയു കോഴിക്കോട്ട് സംഘടിപ്പിച്ച സമരസംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ഡെൽഹിയിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ പ്രധാനിയായ രവീന്ദ്രനെ ചോദ്യം ചെയ്തപ്പോൾ, സ്പീക്കറെ ചോദ്യം ചെയ്യുമെന്ന ഘട്ടം വരെ എത്തി. എന്നാൽ അതിനു ശേഷം അന്വേഷണം എവിടെപ്പോയെന്നും മജീദ് ചോദിച്ചു.
വർഗീയ കാർഡിറക്കി വിജയിക്കാമെന്നാണ് സിപിഎം വിചാരിക്കുന്നത്. അതുകൊണ്ടാണ് പാണക്കാട്ട് ഘടകകക്ഷി നേതാക്കൾ തമ്മിൽ നടന്ന കൂടിക്കാഴ്ചയെ പോലും വർഗീയമായി ചിത്രീകരിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്ടിയു ദേശീയ പ്രസിഡണ്ട് എം റഹ്മത്തുള്ള മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി യു പോക്കർ അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ്കുട്ടി ഉണ്ണികുളം, ട്രഷറർ കെപി മുഹമ്മദ് അഷറഫ്, ജില്ലാ പ്രസിഡണ്ട് കെഎം കോയ, വേളാട്ട് അഹമ്മദ്, ഉമ്മർ ഒട്ടുമ്മൽ, പികെ ഇബ്രാഹിം, എസ്വി ഉസ്മാൻ കോയ, വല്ലാഞ്ചിറ അബ്ദുൽ ഹമീദ്, കെടി കുഞ്ഞാൻ എന്നിവർ സംസാരിച്ചു.
Malabar News: ദേശീയപാതയിൽ കൂടുതൽ നിയന്ത്രണം; അമിതവേഗത്തിന് പിഴ