തിരുവനന്തപുരം: ബാർക്കോഴ ആരോപണത്തിൽ വാട്സ് ആപ് സന്ദേശത്തിന്റെ പേരിൽ കേസെടുക്കാൻ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. മദ്യനയം മാറ്റുന്നതിന് പണം പിരിക്കാൻ ബാർ അസോസിയേഷൻ നേതാവ് അനിമോൻ നിർദ്ദേശിക്കുന്ന വാട്സ് ആപ് സന്ദേശത്തിന്റെ പേരിൽ കേസെടുക്കാൻ തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം.
അസോസിയേഷന്റെ ആസ്ഥാന മന്ദിരം നിർമിക്കാനുള്ള പണം കണ്ടെത്താനാണ് ശബ്ദസന്ദേശം അയച്ചതെന്നാണ് ഇടുക്കി സ്വദേശി അനിമോൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത്. സർക്കാരിന് പണം നൽകണമെന്ന കാര്യം ശബ്ദസന്ദേശത്തിൽ പറയുന്നില്ലെന്നും അനിമോന്റെ മൊഴിയിലുണ്ട്. മദ്യനയം മാറ്റാൻ പണം പിരിച്ചില്ലെന്ന് ഇടുക്കിയിലെ മറ്റു ബാറുടമകളും മൊഴി നൽകി.
ഇതോടെ, അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുമെന്ന് ഉറപ്പായി. പണം പിരിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് റിപ്പോർട് നൽകിയേക്കും. ബാർ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. അനിമോൻ ശബ്ദസന്ദേശമയച്ച സാഹചര്യവും, ഇത് പ്രചരിപ്പിച്ചതാണെന്നും പരിശോധിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പുതിയ മദ്യനയം വരുമെന്നും ഒന്നാം തീയതിയിലെ ഡ്രൈ ഡേ എടുത്തുകളയുമെന്നുമാണ് അനിമോന്റെ ശബ്ദസന്ദേശത്തിലുള്ളത്. ഇതൊക്കെ ചെയ്ത് തരണം എന്നുണ്ടെങ്കിൽ കൊടുക്കേണ്ടത് കൊടുക്കണമെന്നും, 2.5 ലക്ഷം രൂപ വീതം കൊടുക്കാൻ പറ്റുന്നവർ അക്കാര്യം ഗ്രൂപ്പിൽ അറിയിക്കണമെന്നുമാണ് അനിമോന്റെ ശബ്ദസന്ദേശത്തിലുള്ളത്.
പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തുവന്നതോടെ എക്സൈസ് മന്ത്രി എംബി രാജേഷ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകുകയായിരുന്നു. ഡിജിപി അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. എസ്പി മധുസൂദനനാണ് അന്വേഷണത്തിന്റെ മേൽനോട്ടം.
Most Read| എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട്; അന്വേഷണം വേണമെന്ന് ഷോൺ ജോർജ്