ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് പ്രതിദിന രോഗബാധ 2 ലക്ഷം കടന്നതോടെ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലെ സ്‌ഥിതി വളരെയധികം മോശമാകുകയാണ്. രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ മിക്കവയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഇതേതുടർന്ന് ഡെൽഹിയിലും വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വ്യക്‌തമാക്കി.
നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി വിവാഹം പോലെയുള്ള ചടങ്ങുകളിൽ പാസ് എടുക്കണമെന്നും, സിനിമഹാളിൽ 30 ശതമാനം മാത്രം സീറ്റിംഗ് പരിധി നിശ്‌ചയിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ഉണ്ടായിരിക്കില്ല. പകരം ഭക്ഷണം വിതരണം ചെയ്യുന്നതിന് അനുമതി ഉണ്ടായിരിക്കും. ഒപ്പം തന്നെ മാളുകൾ, ജിമ്മുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവയെല്ലാം അടച്ചിടണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം തന്നെ അവശ്യ സർവീസുകൾക്ക് തടസം ഉണ്ടാകില്ലെന്നും വ്യക്‌തമാക്കിയിട്ടുണ്ട്.
നിലവിൽ ഡെൽഹിയിലെ ആശുപത്രികളിൽ കിടക്കകൾക്ക് ക്ഷാമം ഇല്ലെന്നും, 5000ൽ അധികം കിടക്കകൾ ഒഴിവുണ്ടെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വ്യക്‌തമാക്കി. രോഗവ്യാപനം ക്രമാതീതമായി ഉയർന്നതോടെ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ പലയിടത്തും ആശുപത്രികളിൽ ചികിൽസ കിട്ടാതെ രോഗികൾ മരിച്ചെന്ന റിപ്പോർടുകൾ പുറത്തുവരുന്നുണ്ട്. മരണനിരക്കിൽ ഉണ്ടായിട്ടുള്ള ഉയർച്ച മൂലം നിലവിൽ ശ്‌മശാനങ്ങളിലും മൃതദേഹങ്ങൾ നിറയുകയാണ്. ഇതിനിടെ മഹാരാഷ്‌ട്രയിലെ ഓസ്‌മാനബാദിലും ഉത്തർപ്രദേശിലെ ലക്‌നൗവിലും മൃതദേഹങ്ങൾ കൂട്ടമായി സംസ്‌കരിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
Read also : കുംഭമേളയിൽ സ്‌പെഷ്യൽ പോലീസ് ഓഫീസർമാരായി ആർഎസ്എസുകാർ







































