കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്‌റ്റംസ് ചോദ്യം ചെയ്യുന്നു. ജയിലിലെത്തിയാണ് കസ്‌റ്റംസ് സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശിവശങ്കറെ ചോദ്യം ചെയ്യുന്നത്.
രാവിലെ 10 മുതല്‍ 5 വരെയാണ് ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയതെങ്കിലും ഉച്ചക്ക് രണ്ട് മണിയോടെയാണ് കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ ജയിലില്‍ എത്തിയത്. രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്‌താൽ ശിവശങ്കറിന് അരമണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നും അഭിഭാഷകനെ ബന്ധപ്പെടാന്‍ അവസരം നല്‍കണമെന്നും കോടതി കസ്‌റ്റംസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വര്‍ണ കടത്തിലും വിദേശത്തേക്ക് കറന്‍സി കടത്തിയതുള്‍പ്പെടെയുള്ള സംഭവങ്ങളിലാവും കസ്‌റ്റംസിന്റെ ചോദ്യം ചെയ്യല്‍.
Also Read: ‘ഇന്നത്തെ സമരം കള്ളപ്പണക്കാരെ സംരക്ഷിക്കുന്നതിന്’; സര്‍ക്കാരിനെതിരെ വി മുരളീധരന്‍
സ്വര്‍ണ്ണക്കടത്തു കേസില്‍ ശിവശങ്കരനുള്ള പങ്ക് ഇഡി കണ്ടെത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നുമുള്ള കസ്‌റ്റംസിന്റെ അപേക്ഷയിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്. ലൈഫ് മിഷന്‍ കോഴ ഇടപാട് കേസിലും ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ ചൊവ്വാഴ്‌ച വിജിലന്‍സ് കോടതിയെ സമീപിക്കും.







































