‘വിമര്‍ശനമേല്‍ക്കേണ്ടി വന്നവര്‍ക്ക് പകയുണ്ടാവും’; ശിവശങ്കറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

By Desk Reporter, Malabar News
'Those who have to be criticized will have hatred'; CM justifies Shivshankar
Ajwa Travels

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായ ശിവശങ്കര്‍ ഐഎഎസിന്റെ ‘അശ്വത്ഥാമാവ് വെറുമൊരു ആന’ എന്ന പുസ്‌തകം ഉയര്‍ത്തിയ വിവാദങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ സർക്കാരിന്റെ നേട്ടങ്ങളും ഭാവി പരിപാടികളും വ്യക്‌തമാക്കി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി തന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ ന്യായീകരിച്ച് രംഗത്ത് എത്തിയത്.

പുസ്‌തകം എഴുതാൻ ശിവശങ്കർ സർക്കാരിൽ നിന്നും അനുമതി വാങ്ങിയിരുന്നോ എന്ന് മാദ്ധ്യമ പ്രവർത്തകർ പലതവണ ചോദിച്ചെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ മറുപടി മുഖ്യമന്ത്രിയിൽ നിന്നുണ്ടായില്ല. അതെല്ലാം സാങ്കേതികം മാത്രമാണെന്നും വിഷയം സര്‍ക്കാര്‍ പരിശോധിക്കും എന്നുമായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി. ശിവശങ്കറിന്റെ പരാമര്‍ശങ്ങളെ കുറിച്ചും അതിനോട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നടത്തിയ പ്രതികരണങ്ങളെ കുറിച്ചുമുള്ള മാദ്ധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളെ പുസ്‌തകത്തിലുള്ളത് മാദ്ധ്യമങ്ങള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും എതിരെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി പ്രതിരോധിച്ചത്. താൻ കടന്നുപോയ അനുഭവങ്ങളെക്കുറിച്ചാണ് ശിവശങ്കർ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.

“ശിവശങ്കറിന്റെ പുസ്‌തകവുമായി വന്ന വാർത്തകളിൽ ഞാനേറ്റവും ശ്രദ്ധിച്ചത് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ശശി കുമാറിന്റെ വാക്കുകളാണ്. ആ പുസ്‌തകത്തിൽ ചില കാര്യങ്ങളെക്കുറിച്ചുള്ള ശക്‌തമായ അഭിപ്രായം ശിവശങ്കർ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് മാദ്ധ്യമങ്ങളുടെ നിലയെക്കുറിച്ചാണ്. മറ്റൊന്ന് അന്വേഷണ ഏജൻസികൾ സ്വീകരിച്ച നിലപാടിനെക്കുറിച്ച്. സ്വാഭാവികമായും ആ വിമർശനത്തിന് ഇരയായവർക്കുള്ള ഒരു തരം പ്രത്യേക പക ഉയർന്നു വരും എന്ന് നാം കാണണം. അത് അതേ രീതിയിൽ വന്നു എന്നാണ് ശശികുമാർ അഭിപ്രായപ്പെട്ടത്. അതു തന്നെയാണ് എന്റെയും തോന്നൽ.

ഇതിനകത്തുള്ള ഏജൻസിയും നിങ്ങൾ മാദ്ധ്യമങ്ങളും ചേർന്നുള്ള ചില കാര്യങ്ങൾ ഇതിന്റെ ഭാഗമായി വരുന്നുണ്ടോയെന്ന് ഭാവിയിൽ മാത്രമേ തീരുമാനിക്കാനാവൂ. അതു വരട്ടെ, പുസ്‌തകത്തിൽ നിങ്ങൾക്ക് പൊള്ളലേൽക്കുന്ന പല കാര്യങ്ങളുമുണ്ട്. അത് നിങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് ഇപ്പോൾ നിങ്ങളുടെ പ്രതികരണത്തിൽ നിന്നും വ്യക്‌തമാണ്‌. ശിവശങ്കറിന്റെ പുസ്‌തകത്തെക്കുറിച്ച് നിങ്ങൾക്ക് എന്തിനാണ് ഇത്ര വേവലാതി? പുസ്‌തകം എഴുതാൻ ശിവശങ്കർ അനുമതി വാങ്ങിയോ എന്ന കാര്യം സർക്കാർ പരിശോധിക്കും. ഈ പുസ്‌തകത്തിന് ആധാരമായ കേസ് വന്നപ്പോൾ സർക്കാർ സ്വീകരിച്ച ഒരു നിലപാടില്ലേ, അന്ന് വിവാദം വന്നപ്പോൾ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചതാണ്. അതേക്കുറിച്ചുള്ള തർക്കങ്ങൾ ഇപ്പോൾ സുപ്രീം കോടതിയിൽ എത്തിയിട്ടുണ്ട്,”- മുഖ്യമന്ത്രി പറഞ്ഞു.

Most Read:  ഹിജാബ് വിവാദത്തിലെ പ്രതികരണം: ഇന്ത്യക്ക് പാകിസ്‌ഥാൻ ക്ളാസെടുക്കേണ്ട; ഒവൈസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE