തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാന്‍ ഇല്ലെന്ന് എം ശിവശങ്കര്‍. കേസ് തീരുംവരെ ഒന്നും പറയാനില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു.
ശിവശങ്കറിന്റെ ആത്‌മകഥയിലെ വാദങ്ങളെ ചോദ്യംചെയ്യുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം സ്വപ്‌ന നടത്തിയത്. കടുത്ത ആരോപണങ്ങൾ നേരിടുമ്പോഴും കേന്ദ്ര ഏജൻസിയെ നിശ്‌ചയിക്കാൻ ശിവശങ്കർ ഇടപെട്ടുവെന്നാണ് വിശ്വസനീയ വിവരമെന്നാണ് സ്വപ്‌ന സുരേഷ് അവകാശപ്പെടുന്നത്.
കേസിൽ തനിക്ക് അറിയാവുന്നത് എല്ലാം ശിവശങ്കറിനും അറിയാമെന്നും സ്വപ്‌ന പറയുന്നു. കേസുമായി ബന്ധപ്പെട്ട ചാറ്റുകൾ എല്ലാം സത്യം ആണ്. ശിവശങ്കർ അടക്കമുള്ളവരുടെ നിർദ്ദേശ പ്രകാരമാണ് ഒളിവിൽ പോയതെന്നും ശബ്‌ദരേഖ പുറത്ത് വിട്ടതെന്നും സ്വപ്‌ന പറയുന്നു. ബാഗേജ് വിട്ടുകിട്ടാൻ താൻ സഹായിച്ചില്ലെന്ന ശിവശങ്കറിന്റെ വാദവും ഇവർ പൂർണമായി തളളി. നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ വാദം ശരിയല്ല. ബാഗിൽ എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു; സ്വപ്‌ന പറഞ്ഞു.
ശിവശങ്കറിന്റെ പുസ്‌തകത്തിലെ വാദങ്ങളെ ചോദ്യം ചെയ്യുന്നതാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലുകൾ. സ്വപ്‌നയ്‌ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് അറിയില്ലെന്നായിരുന്നു ആത്‌മകഥയില്‍ ശിവശങ്കര്‍ പറഞ്ഞത്. സ്വപ്‌നയുമായി മൂന്ന് വർഷത്തെ പരിചയം ഉണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്‌റ്റംസ് നയതന്ത്ര ബാഗേജ് തടഞ്ഞുവെച്ചപ്പോൾ സ്വപ്‌ന ആദ്യം ഫോൺ വഴിയും പിന്നീട് നേരിട്ടെത്തിയും വിട്ടുകിട്ടാൻ സഹായം തേടി. കസ്‌റ്റംസ് നടപടികളിൽ ഇടപെടാനാകില്ലെന്നാണ് മറുപടി നൽകിയതെന്ന് ശിവശങ്കർ പുസ്‌തകത്തിൽ പറയുന്നു. കൂടാതെ സ്വപ്‌നയ്‌ക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് അറിഞ്ഞപ്പോൾ അസ്‌തപ്രജ്‌ഞനായെന്നും ശിവശങ്കർ പുസ്‌തകത്തിൽ പറയുന്നു.
Most Read: മാദ്ധ്യമങ്ങളുടെ ശബ്‌ദം ഇല്ലാതാക്കാനുള്ള ശ്രമം; മീഡിയവൺ വിലക്കിൽ കനിമൊഴി