ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പുകഴ്‌ത്തി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മോദി മികച്ചൊരു ഭരണാധികാരിയാണ്, അദ്ദേഹത്തോട് എനിക്ക് വലിയ സ്‌നേഹമാണ്. തന്റെ അടുത്ത സുഹൃത്താണെന്നും ട്രംപ് പറഞ്ഞു.
ഡെൽഹിയിലെ യുഎസ് എംബസിയിൽ നടന്ന അമേരിക്കയുടെ 250ആം സ്വാതന്ത്രദിനാഘോഷ ചടങ്ങിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഓഡിയോ കോളിലാണ് ട്രംപ് മോദിയെ വാനോളം പുകഴ്‌ത്തിയത്ത്.
”എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. എനിക്ക് പ്രധാനമന്ത്രി മോദിയോട് വലിയ സ്‌നേഹമാണ്. മോദി മികച്ചൊരു ഭരണാധികാരിയാണ്. അദ്ദേഹം എന്റെ സുഹൃത്താണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഇപ്പോഴത്തെപ്പോലെ ഇത്രയധികം ദൃഢമായ മറ്റൊരു കാലഘട്ടമില്ല. ഇന്ത്യക്ക് എപ്പോഴും എന്നെയും എന്റെ രാജ്യത്തെയും നൂറുശതമാനം വിശ്വസിക്കാം.
ഇന്ത്യക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അവർക്ക് ആരെയാണ് വിളിക്കേണ്ടതെന്ന് കൃത്യമായി അറിയാം. അമേരിക്ക മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. സമ്പദ്‌വ്യവസ്‌ഥയിലും ഓഹരി വിപണിയിലും നമ്മൾ റെക്കോർഡുകൾ സൃഷ്‌ടിക്കുകയാണ്. മോദിയുടെ ഏറ്റവും വലിയൊരു ആരാധകനാണ് ഞാൻ”- ട്രംപ് വ്യക്‌തമാക്കി.
നാലുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും ട്രംപ് ഫോണിലൂടെ സംസാരിച്ചു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌റ്റേറ്റ് സെക്രട്ടറിയായി റൂബിയോ മാറുമെന്ന് പറഞ്ഞ ട്രംപ്, പ്രധാനമന്ത്രി മോദിയെ കാണുമ്പോൾ തന്റെ അന്വേഷണങ്ങൾ അറിയിക്കണമെന്നും പറഞ്ഞു.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ




































