തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിന്റെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടരന്വേഷണം ആരംഭിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. വ്യാജരേഖ തയ്യാറാക്കി സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ അവിഹിത നിയമനം തരപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണെന്ന ഗൗരവമായ വെളിപ്പെടുത്തലാണ് സ്വപ്‌ന നടത്തിയത്.
എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് രാഷ്‌ട്രീയ സ്വാധീനം കൊണ്ടാണ് എന്നത് വ്യക്‌തമാണ്. അനുമതിയില്ലാതെ ആത്‌മകഥ എഴുതിയതും ചട്ടലംഘനമാണ്. ശിവശങ്കറിനെ ഉടന്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഇതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടിവരും. ക്രിമിനല്‍ കേസുകളില്‍ നിന്നും കുറ്റവിമുക്‌തനാക്കപ്പെടാത്ത ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് സര്‍ക്കാരിന്റെ ഗുരുതരമായ കൃത്യവിലോപമാണ്.
നാളിതുവരെ എം ശിവശങ്കറിനെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ മൗനാനുവദത്തോടെയാണ് അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് എന്നത് പകല്‍പോലെ വ്യക്‌തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വപ്‌നയുടെ നിയമനം സംബന്ധിച്ച് ക്രൈം ബ്രാഞ്ച് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ശിവശങ്കറിനെ പ്രതിയാക്കാതിരുന്നതും കേസ് ഇപ്പോള്‍ മരവിപ്പിച്ച് നിര്‍ത്തിയതും ഇദ്ദേഹത്തെ രക്ഷിക്കാന്‍ പോലീസ് സ്വീകരിച്ച നടപടിയാണെന്ന് ബോധ്യപ്പെട്ടു.
സ്വര്‍ണക്കടത്ത് സംഘത്തെ സഹായിച്ചതും സ്വപ്‌നയ്‌ക്കും ഭര്‍ത്താവിനും അവിഹിത മാര്‍ഗത്തിലൂടെ ജോലി നല്‍കിയതും ലൈഫ് മിഷനില്‍ അഴിമതി നടത്തിയതുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിലൂടെയാണെന്ന് രണ്ടാം പ്രതി തുറന്ന് പറഞ്ഞിട്ടും മുഖ്യമന്ത്രി പ്രതികരിക്കാതിരിക്കുന്നത് അൽഭുതകരമാണെന്നും ഹസന്‍ പറഞ്ഞു.
Read Also: ‘മൂന്നാറിൽ വോട്ട് പിടിച്ചത് പരസ്യമായി ജാതി പറഞ്ഞ്’; എസ് രാജേന്ദ്രൻ