തിരുവനന്തപുരം: രണ്ട് വരി തെറ്റാതെ എഴുതാൻ കഴിയാത്തയാൾ എങ്ങനെ കേരള സർവകലാശാലയുടെ വൈസ് ചാൻസലറായി തുടരുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിന് മറുപടിയുമായി വിസി പ്രൊഫസർ വിപി മഹാദേവൻ പിള്ള. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങും തെറ്റാതിരിക്കാൻ താൻ പരമാവധി ജാഗരൂകനാണെന്ന് വിസി പ്രസ്‌താവനയിൽ പറഞ്ഞു.
മനസ് പതറുമ്പോൾ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി താൻ കാണുന്നില്ല. ഗുരുഭൂതൻമാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പ്രതികരണത്തിനില്ലെന്നും ഗവർണറുടെ ആരോപണങ്ങൾ തള്ളിക്കൊണ്ട് അദ്ദേഹം വ്യക്‌തമാക്കി.
രാഷ്‌ട്രപതിക്ക് ഡി-ലിറ്റ് നൽകണമെന്ന ഗവർണറുടെ നിർദ്ദേശം വിസി നിരാകരിച്ചതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. സിൻഡിക്കറ്റ് അംഗങ്ങളുമായി ആലോചിച്ചപ്പോൾ നിർദ്ദേശം അവർ എതിർത്തതായാണ് ചാൻസലർ കൂടിയായ ഗവർണറെ വിസി അറിയിച്ചത്. ചട്ടപ്രകാരം സിൻഡിക്കറ്റ് വിളിച്ചു ചേർത്ത് തീരുമാനം എടുക്കാൻ വിസി തയ്യാറാകാത്തതിനാൽ, ഡി-ലിറ്റ് നൽകാൻ കഴിയില്ലെങ്കിൽ അക്കാര്യം എഴുതി നൽകാൻ ഗവർണർ ആവശ്യപ്പെട്ടു.
തുടർന്ന് വിസി സ്വന്തം കൈപ്പടയിൽ ഇക്കാര്യം എഴുതി നൽകുകയായിരുന്നു. എന്നാൽ അതിൽ തെറ്റുകൾ കടന്നു കൂടിയതോടെയാണ് ഗവർണർ വിസിയെ വിമർശിച്ച് രംഗത്ത് വന്നത്. രാജ്യത്തെ ഏറ്റവും പഴയ സർവകലാശാലകളിൽ ഒന്നിന്റെ വിസിയാണ് ഇത്തരം ഭാഷയിൽ കത്തെഴുതുന്നതെന്ന് ഗവർണർ കുറ്റപ്പെടുത്തിയിരുന്നു.
Read Also: മധുപാൽ സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്‌ഥാനത്തേക്ക്