മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്സോ കേസിലെ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തി. മരിക്കുന്നതിന് മുൻപ് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി യുവാവ് പോലീസിൽ മൊഴി നൽകി. പരസ്പരം പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും, ജോലി തിരക്കിനിടയിൽ ഫോൺ എടുക്കാൻ വൈകിയാൽ പെൺകുട്ടി വഴക്ക് ഉണ്ടാക്കാറുണ്ടെന്നും യുവാവ് പറഞ്ഞു. യുവാവിന്റെ ഫോൺ പോലീസിന് കൈമാറി.
പ്രതിശ്രുത വരനുമായി ഫോണിൽ സംസാരിച്ച് വാക്കേറ്റം ഉണ്ടായതായി കുട്ടിയുടെ മാതാവ് വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും വിദഗ്ധ പരിശോധനക്കായി സൈബർ സെല്ലിന് കൈമാറി. അവസാന കോൾ സംഭാഷണം, വാട്സ്ആപ്പ് ചാറ്റുകൾ എന്നിവയാണ് പരിശോധിക്കുന്നത്.
അതേസമയം, പെൺകുട്ടി പീഡനത്തിന് ഇരയായതിന് കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലും, മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പോലീസിന് വീഴ്ച സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട് സമർപ്പിച്ചു. പോക്സോ കേസിൽ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങൾ ഈ കേസിൽ പാലിച്ചില്ലെന്നും യൂണിഫോം ധരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ പോയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Most Read: കോവിഡ് സമ്പർക്ക പട്ടികയിലുള്ള സർക്കാർ ജീവനക്കാർക്ക് ഇനി പ്രത്യേക അവധിയില്ല







































