എറണാകുളം: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു സിപിഎം പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവർക്കെതിരെയാണ് കുന്നത്തുനാട് പോലീസ് കൊലക്കുറ്റം ചുമത്തിയത്. നേരത്തെ വധശ്രമം ഉൾപ്പടെ ചുമത്തിയായിരുന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
തലച്ചോറിൽ രക്തസ്രാവം ഉണ്ടായി വെന്റിലേറ്ററിൽ ചികിൽസയിൽ ഇരിക്കെ ദീപു മരിച്ച സാഹചര്യത്തിലാണ് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള പോസ്റ്റുമോർട്ടം റിപ്പോർട് പുറത്ത് വന്നാലേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. നിലവിൽ ദീപുവിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
പോസ്റ്റുമോർട്ടം നടപടികൾ പൂർണമായും ക്യാമറയിൽ ചിത്രീകരിച്ചിട്ടുണ്ട്. ബന്ധുക്കൾക്ക് വിട്ടുനൽകിയ ദീപുവിന്റെ മൃതദേഹം കിഴക്കമ്പലത്ത് പൊതുദർശനത്തിന് വെക്കും. തുടർന്ന് വിലാപ യാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും. കർമങ്ങൾക്ക് ശേഷം വൈകുന്നേരത്തോടെ പൊതു ശ്മശാനത്തിലാണ് ദീപുവിന്റെ മൃതദേഹം സംസ്കരിക്കുക. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് പോലീസ് സുരക്ഷ കർശനമാക്കിയത്. 300 പോലീസുകാരെയാണ് ഇവിടെ വിന്യസിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ 12ആം തീയതിയാണ് ട്വന്റി ട്വന്റിയുടെ വിളക്ക് അണയ്ക്കൽ സമരത്തിനിടെ ദീപുവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദീപു ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് ഇന്നലെ മരിച്ചത്. നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്വന്റി ട്വന്റിയിൽ പ്രവർത്തിക്കുന്നതിന്റെ വിരോധത്തിൽ ദീപുവിനെ കൊലപ്പെടുത്താൻ തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് വ്യക്തമാകുന്നത്.
Most Read: യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ