ശ്രീനിജിൻ എംഎൽഎയെ അപമാനിച്ച കേസ്; സാബു എം ജേക്കബിന്റെ അറസ്‌റ്റ് തടഞ്ഞു ഹൈക്കോടതി

മാർച്ച് മൂന്ന് വരെയാണ് കോടതി അറസ്‌റ്റ് തടഞ്ഞുള്ള ഉത്തരവിറക്കിയത്.

By Trainee Reporter, Malabar News
Sabu-M-Jacob
Ajwa Travels

കൊച്ചി: കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജിനെ പൊതുവേദിയിൽ അപമാനിച്ചെന്ന പരാതിയിൽ പുത്തൻകുരിശ് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ ട്വിന്റി-20 കോ-ഓർഡിനേറ്റർ സാബു എം ജേക്കബിന്റെ അറസ്‌റ്റ് തടഞ്ഞു ഹൈക്കോടതി. മാർച്ച് മൂന്ന് വരെയാണ് കോടതി അറസ്‌റ്റ് തടഞ്ഞുള്ള ഉത്തരവിറക്കിയത്.

പട്ടികജാതി, പട്ടികവർഗം പീഡനം തടയൽ നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാബു എം ജേക്കബ് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി. കേസുമായി ബന്ധപ്പെട്ടു പോലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കാനും സാബുവിനോട് കോടതി നിർദ്ദേശിച്ചു. എന്നാൽ, മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷം മാത്രമേ ചോദ്യം ചെയ്യാൻ വിളിപ്പിക്കാവൂ എന്നും, ചോദ്യം ചെയ്യലിന്റെ പേരിൽ പീഡനം പാടില്ലെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ മാസം 21ന് കോലഞ്ചേരിയിൽ സംഘടിപ്പിച്ച ട്വിന്റി20 മഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് സാബു എം ജേക്കബിന്റെ വിവാദ പ്രസംഗം ഉണ്ടായത്. ‘മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജന്തുവിന് കുന്നത്തുനാട്ടുകാർ ജൻമം കൊടുത്തുവെന്നും എല്ലാ ദിവസവും പൗഡറുമിട്ട് മീറ്റിങ്ങുണ്ടോ എന്ന് അന്വേഷിച്ചു ഇറങ്ങും എന്നായിരുന്നു’ സാബു എം ജേക്കബ് പ്രസംഗിച്ചത്.

‘എവിടെയെങ്കിലും ഉണ്ടെങ്കിൽ കാട്ടുമാക്കാൻമാർ കയറി ഇരിക്കുന്നതുമാതിരി 32 പല്ലും കാണിച്ചു കിട്ടുന്ന കസേരയിൽ കയറി ഇരിക്കും. എല്ലാവരും പിരിയുമ്പോൾ തിന്നാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അതും പെറുക്കി തിന്നിട്ട് അടുത്ത പഞ്ചായത്തിലേക്ക് പോകും എന്നും ആ വൃത്തികെട്ട ജന്തു കാരണമാണ് കുന്നത്തുനാട്ടിലെ ജനങ്ങൾ കഷ്‌ടപ്പെടുന്നതെന്നും’ പ്രസംഗത്തിലുണ്ട്. തുടർന്ന് ശ്രീനിജിൻ എംഎൽഎ പരാതി നൽകുകയായിരുന്നു.

തന്നെ ജാതീയവും വംശീയവുമായി അപമാനിക്കുന്ന രീതിയിലാണ് സാബു എം ജേക്കബ് പ്രസംഗിച്ചതെന്ന് കാട്ടിയാണ് ശ്രീനിജിൻ പുത്തൻകുരിശ് പോലീസിൽ പരാതി നൽകിയത്. പട്ടികജാതി, പട്ടികവർഗം പീഡന നിരോധന നിയമം അനുസരിച്ചാണ് സാബുവിനെതിരെ കേസെടുത്തിരുന്നത്. ഈ എഫ്‌ഐആർ റദ്ദാക്കണം എന്നായിരുന്നു സാബുവിന്റെ ആവശ്യം.

ഇരുവരും തമ്മിൽ നേരത്തെ തന്നെ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും രാഷ്‌ട്രീയ വിരോധത്തിന്റെ പേരിൽ സാബു എം ജേക്കബിനെ ഏത് വിധേനയും അറസ്‌റ്റ് ചെയ്യിക്കാനാണ് ശ്രീനിജിൻ ശ്രമിക്കുന്നതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. ട്വിന്റി20 പാർട്ടി ജനുവരി 21ന് കോലഞ്ചേരിയിൽ സംഘടിപ്പിക്കാൻ നിശ്‌ചയിച്ചിരുന്ന സമ്മേളനം തടയാൻ ശ്രീനിജിൻ ശ്രമിച്ചെന്നും എന്നാൽ, സമ്മേളനം നടത്താൻ ജനുവരി 19ന് ഹൈക്കോടതി അനുമതി നൽകുകയായിരുന്നുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

വ്യക്‌തിപരമായി ഒരു അധിക്ഷേപവും ആർക്കുമെതിരെയും നടത്തിയിട്ടില്ലെന്നാണ് സാബുവിന്റെ വിശദീകരണം. പ്രസംഗത്തിൽ എവിടെയും എംഎൽഎയെന്നോ പേരോ പരാമർശിച്ചിട്ടില്ല. ട്വിന്റി20 പാർട്ടി കൂടുതൽ പഞ്ചായത്തുകളിൽ സ്വാധീനം ഉറപ്പിക്കുകയാണ്. ഇതിലുള്ള അഹഹിഷ്‌ണുതയാണ് പരാതിക്ക് പിന്നിലെന്നും കലാപാഹ്വാനം നടത്തുന്നത് സിപിഎമ്മാണെന്നും സാബു എം ജേക്കബ് വിശദീകരിച്ചു. പിവി ശ്രീനിജിനെ കൂടാതെ സിപിഎം പ്രവർത്തകരായ ശ്രുതി ശ്രീനിവാസൻ, ജോഷി വർഗീസ് എന്നിവരും സാബു എം ജേക്കബിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.

Most Read| ‘തമിഴക വെട്രി കഴകം’; രാഷ്‌ട്രീയ പാർട്ടി രജിസ്‌റ്റർ ചെയ്‌ത്‌ വിജയ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE