ന്യൂഡെൽഹി: മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛകിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക. രാഹുലിന്റെ അപ്പീൽ നേരത്തെ ജസ്റ്റിസ് ഗീതാ ഗോപിയുടെ ബെഞ്ചിന് മുന്നിലാണ് വന്നതെങ്കിലും കാരണം വ്യക്തമാക്കാതെ അവർ പിൻമാറിയിരുന്നു. തുടർന്നാണ് പുതിയ ബെഞ്ചിന് മുന്നിൽ ഹരജി എത്തിയത്.
കേസിൽ കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്നാണ് രാഹുൽ ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മജിസ്ട്രേറ്റ് കോടതി വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത പശ്ചാത്തലത്തിലാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായാൽ മാത്രമേ രാഹുൽ ഗാന്ധിക്ക് നഷ്ടപ്പെട്ട എംപി സ്ഥാനം തിരിച്ചു കിട്ടുകയുള്ളൂ.
മുതിർന്ന അഭിഭാഷകൻ പങ്കജ് ചംപനേരിയാണ് രാഹുലിനായി അപ്പീൽ നൽകിയത്. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ലോക്സഭാ അംഗത്വം നഷ്ടമായ രാഹുൽ, കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത സജീവമാകുകയും ചെയ്തു. ഇതിനിടെയാണ് രാഹുൽ അപ്പീലുമായി ഗുജറാത്ത് ഹൈക്കോടതിയിൽ എത്തിയത്.
Most Read: അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും; ആന ശങ്കരപാണ്ഡ്യമേട്ടിൽ