തൃശൂർ: തൃശൂരിൽ സിറ്റിംഗ് സീറ്റിൽ ബിജെപി സംസ്‌ഥാന വക്‌താവും പാർട്ടിയുടെ മേയർ സ്‌ഥാനാർഥിയായ ബി ഗോപാലകൃഷ്‌ണൻ 186 വോട്ടുകൾക്ക് പരാജയപ്പെട്ടത് പാർട്ടിയിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയേക്കുമെന്ന് സൂചന. കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ഗോപാലകൃഷ്‌ണൻ മൽസരിച്ചത്. പാർട്ടിക്കുള്ളിലെ ചേരിപ്പോരാണ് ഗോപാലകൃഷ്‌ണൻ പരാജയപ്പെടാൻ കാരണമെന്നാണ് സൂചന. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോപാലകൃഷ്‌ണന്റെ സ്‌ഥാനാർഥിത്വം തടയുകയെന്ന ലക്ഷ്യത്തോടെ ബിജെപിയിലെ പ്രബല വിഭാഗം വോട്ടുമറിച്ചതായി പാർട്ടിക്കുള്ളിൽ തന്നെ സംസാരം ഉയരുന്നുണ്ട്.
യുഡിഎഫ് സ്‌ഥാനാർഥി എകെ സുരേഷാണ് കുട്ടൻകുളങ്ങര ഡിവിഷനിൽ ജയിച്ചത്. ഇടതുപക്ഷം ഇവിടെ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തന്നെ തോൽപ്പിക്കാൻ എൽഡിഎഫ്-യുഡിഎഫ് ധാരണ ഉണ്ടായിരുന്നെന്ന് ഗോപാലകൃഷ്‌ണൻ ആരോപിച്ചിരുന്നു.
കുട്ടൻകുളങ്ങര ഡിവിഷനിലെ നിലവിലുള്ള വനിതാ കൗൺസിലറെ മാറ്റിയതിൽ ഒരു വിഭാഗത്തിന് എതിർപ്പ് ഉണ്ടായിരുന്നു. ഈ എതിർപ്പ് നിലനിൽക്കെയാണ് ഗോപാലകൃഷ്‌ണൻ ഇവിടെ മൽസരിക്കാൻ എത്തിയത്. പിന്നീട് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നേരിട്ടെത്തിയാണ് താൽക്കാലികമായി ഈ പ്രശ്‍നങ്ങൾക്ക് പരിഹാരം കണ്ടെത്തിയത്. എന്നാൽ ഗോപാലകൃഷ്‌ണന്റെ തോൽവി ബിജെപി ജില്ലാ ഘടകത്തിലെ ചേരിപ്പോര് രൂക്ഷമാക്കും എന്നാണ് സൂചനകൾ.
Read also: തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് ഭരണത്തിലേക്ക്







































