ന്യൂഡെൽഹി: മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ടുള്ള സിഎംആർഎൽ ഹരജി തള്ളി ഡെൽഹി ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണം പൂർത്തിയായ സ്‌ഥിതിക്ക് പുതിയ ഹരജി നിലനിൽക്കുമോ എന്ന് കോടതി നിരീക്ഷിച്ചു. കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി.
നേരത്തെ കേസ് പരിഗണിച്ച ജസ്‌റ്റിസ് സുബ്രഹ്‌മണ്യ പ്രസാദിന്റെ ബെഞ്ചിലേക്കാണ് ഹരജി മാറ്റിയത്. ഇന്ന് ഹരജി പരിഗണിച്ച ജസ്‌റ്റിസ് ഗിരീഷ് കത്ത്‌വാലിയുടെ ബെഞ്ചിന്റേതാണ് നടപടി. എസ്എഫ്ഐഒ അന്വേഷണത്തിന് നിലവിൽ സ്‌റ്റേയില്ല. സ്‌റ്റേ സംബന്ധിച്ച വാദപ്രതിവാദങ്ങളും കോടതിയിൽ ഉണ്ടായില്ല.
ആദായനികുതി സെറ്റിൽമെന്റ് കമ്മീഷന്റെ പക്കലുള്ളത് രഹസ്യ രേഖയാണെന്നും അത് പുറത്തുവിടാൻ പാടില്ലെന്നും സിഎംആർഎല്ലിന് വേണ്ടി കപിൽ സിബൽ വാദിച്ചു. നേരത്തെ, സുബ്രഹ്‍മണ്യ പ്രസാദിന്റെ ബെഞ്ച് കേസ് കേൾക്കുന്ന സമയത്ത്, ഹരജിയിൽ തീർപ്പുണ്ടാകുന്നത് വരെ കുറ്റപത്രം സമർപ്പിക്കില്ലെന്ന് എസ്എഫ്ഐഒ വാക്കാൽ ഉറപ്പ് നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, അത് വാക്കാലുള്ള ഉറപ്പാണെന്നും അത് താൻ കേട്ടില്ലെന്നും അങ്ങനെയൊരു കാര്യത്തെക്കുറിച്ചു അറിയില്ലെന്നും കേന്ദ്ര സർക്കാറിനും എസ്‌എഫ്‌ഐഒയ്‌ക്കും വേണ്ടി വാദിച്ച അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു വ്യക്‌തമാക്കി. പിന്നാലെയാണ് കേസ് നേരത്തെ പരിഗണിച്ച ബെഞ്ചിലേക്ക് വിട്ടത്. ഹരജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ