ന്യൂഡെൽഹി: മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതക കേസിൽ ഡെൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഡെൽഹിയിലെ രോഹിണി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഗുസ്തി താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ സുശീൽ കുമാർ ഉൾപ്പടെ 12 പ്രതികളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുന്നത്. കൂടാതെ 170 പേജുള്ള കുറ്റപത്രത്തിൽ 50 സാക്ഷികളും ഉൾപ്പെടുന്നുണ്ട്.
കേസിൽ അറസ്റ്റിലായ സുശീൽ കുമാർ നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. കഴിഞ്ഞ മെയ് 4ആം തീയതിയാണ് മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യനായ സാഗർ റാണയെയും അദ്ദേഹത്തിന്റെ 2 സുഹൃത്തുക്കളെയും സുശീൽ കുമാറും കൂട്ടാളികളും ചേർന്ന് മർദിച്ചത്. ഡെൽഹി ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്.
തുടർന്ന് സുശീൽ കുമാറും കൂട്ടാളികളും ആക്രമണം നടത്തുന്ന മട്ടിലുള്ള ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കയ്യിൽ വടിയുമായി സുശീൽ കുമാർ നിൽക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. മർദനത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന സാഗർ റാണ മെയ് 5ആം തീയതിയാണ് മരിച്ചത്. സുശീൽ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Read also : പ്രധാനമന്ത്രിയുടെ ഉപദേശകൻ അമർജീത് സിൻഹ രാജിവെച്ചു







































