‘ഫൈനലിൽ ഓടണം, മെഡൽ നേടണം’ തന്റെ ശരീരത്തിലെ വേദന കടിച്ചമർത്തി ദേവനന്ദ പറഞ്ഞു. അത് അവളുടെ ഉറച്ച തീരുമാനത്തിന്റെയും ആത്‌മധൈര്യത്തിന്റെ പര്യായം കൂടിയായിരുന്നു. ചന്ദ്രശേഖർ നായർ സ്‌റ്റേഡിയത്തിൽ ഒന്നാമതായി ഓടിയെത്തിയെങ്കിലും ദേവനന്ദയുടെ മുഖത്ത് സങ്കടം തളംകെട്ടി കിടപ്പുണ്ടായിരുന്നു.
കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥിനി ദേവനന്ദയുടെ ജീവിതത്തെ മാറ്റിമറിച്ച 20 ദിവസങ്ങളാണ് കഴിഞ്ഞുപോയത്. വെല്ലുവിളികൾ ഏറെയുണ്ടായിരുന്നു ഈ മിടുക്കിക്ക് മുന്നിൽ. ട്രാക്കിലെ ഓട്ടത്തിന് വില്ലനായത് ‘അപ്പൻഡിസൈറ്റിസ്’ ആയിരുന്നു. ശസ്‌ത്രക്രിയയ്‌ക്ക് ഡോക്‌ടർമാർ നിർദ്ദേശിച്ചിരുന്നെങ്കിലും ഫൈനൽ കഴിയാൻ കാത്തിരിക്കുകയായിരുന്നു ദേവനന്ദ.
ഒടുക്കം വേദന കടിച്ചമർത്തി പൊൻതിളക്കത്തോടെ സ്‌റ്റേഡിയത്തിൽ നിന്ന് ദേവനന്ദ പറയുന്നു ‘ഇനി ശസ്‌ത്രക്രിയ ചെയ്യണം’. പേരാമ്പ്ര മമ്മാടക്കുളം കൊട്ടിലോട്ടുമ്മൽ ബൈജുവിന്റെയും വിജിതയുടെയും മകളാണ് ദേവനന്ദ. പെൺകുട്ടികളുടെ നൂറുമീറ്റർ ജൂനിയർ ഓട്ടമൽസരത്തിലാണ് ദേവനന്ദ സ്വർണം നേടിയത്. ഗാലറിയിൽ അമ്മ വിജിത കണ്ണടച്ച് പ്രാർഥിച്ച് നിൽക്കെ, 12.45 സെക്കൻഡ് കൊണ്ട് ദേവനന്ദ ഫിനിഷ് ലൈൻ കടന്ന്, ജൂനിയർ വേഗതാരത്തിനുള്ള സ്വർണം നേടി.
നേരത്തെ മൽസരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഈവർഷമാണ് ദേവനന്ദ മെഡൽ നേടുന്നത്. അപ്പൻഡിസൈറ്റിസ് മൂലം ശസ്‌ത്രക്രിയയ്‌ക്ക് ഡോക്‌ടർമാർ അടുത്തിടെയാണ് നിർദ്ദേശിച്ചത്. അതിന്റെ ബുദ്ധിമുട്ടുകൾ സഹിച്ച് വേദനയോടെയാണ് ദേവനന്ദ ഓടിയതത്രയും.
”നാലാഴ്‌ചയായി ഇത്. എനിക്ക് ആദ്യം മുതലേ വേദനയുണ്ടായിരുന്നു. കുറേ ഡോക്‌ടർമാരെ കാണിച്ചു. ആശുപത്രിയിൽ നിന്നാണ് ജില്ലാതല മൽസരത്തിനെത്തുന്നത്. അവിടെ നിന്ന് സംസ്‌ഥാന തലത്തിലേക്കും. ഡോക്‌ടർമാർ ശസ്‌ത്രക്രിയ വേണമെന്ന് പറഞ്ഞപ്പോൾ ഞാനാണ് മൽസരം കഴിഞ്ഞ് ചെയ്യാമെന്ന് പറഞ്ഞത്. അച്ഛനും അമ്മയും ഇത് സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് മേളയിൽ സ്വർണത്തിളക്കം കാണാൻ സാധിച്ചത്”- ദേവനന്ദ പറഞ്ഞു.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി






































