ലഖ്‌നൗ: മതപ്രഭാഷണം അവസാനിപ്പിച്ച് മടങ്ങുകയായിരുന്ന ഗുരു ഭോലെ ബാബയുടെ കാലിനടിയിലെ മണ്ണ് ശേഖരിക്കാൻ അനുയായികൾ തിരക്ക് കൂട്ടിയതാണ് ഉത്തർപ്രദേശിലെ ഹത്രസിൽ വൻ ദുരന്തത്തിന് വഴിയൊരുക്കിയത്. മരിച്ചവരുടെ എണ്ണം 116 ആയി. ഇതിൽ 110 സ്‌ത്രീകളും അഞ്ചു കുട്ടികളുമാണ്.
അനുവദിച്ചതിലധികം ആളുകളെ പങ്കെടുപ്പിച്ചതിന് പ്രഭാഷകൻ ഭോലെ ബാബയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഇയാൾ ഒളിവിലാണ്. ഹത്രസ് ജില്ലയിലെ സിക്കന്ദ്രറാവു പോലീസ് സ്‌റ്റേഷൻ പരിധിയിലെ പുൽറായ്‌ക്കടുത്ത് കാൺപുർ- കൊൽക്കത്ത ഹൈവേയിലായിരുന്നു ദുരന്തം. റോഡിന് ഇരുവശത്തുമുള്ള വയലിന് സമീപത്താണ് പ്രഭാഷണത്തിന് വേദി ഒരുക്കിയത്.
60,000 പേർക്ക് മാത്രം അനുമതി ഉണ്ടായിരുന്നിടത്ത് രണ്ടര ലക്ഷത്തോളം ആളുകളെത്തി. അത്രയും പേരെ നിയന്ത്രിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. തലേ ദിവസം മഴ പെയ്‌തിരുന്നതിനാൽ വയലിൽ വഴുക്കൽ ഉണ്ടായിരുന്നു. പ്രഭാഷണം കഴിഞ്ഞു മടങ്ങിയ ബാബയുടെ കാൽപ്പാദത്തിനടിയിലെ മണ്ണ് ശേഖരിക്കാൻ ആളുകൾ ധൃതി കൂട്ടുകയും കൂട്ടമായി വയലിലെ ചളിയിലേക്ക് മറഞ്ഞു വീഴുകയും ആയിരുന്നു.
ഇതിനിടയ്‌ക്ക് പ്രഭാഷകന് കടന്നുപോകാനായി സ്വകാര്യ സുരക്ഷാ ഉദ്യോഗസ്‌ഥർ ആളുകളെ തള്ളിമാറ്റിയതായും ദൃക്‌സാക്ഷികൾ പറയുന്നു. വീണുപോയ ആളുകൾക്ക് എഴുന്നേറ്റ് മാറാനായില്ല. തിരക്ക് വർധിച്ചതോടെ ശ്വാസം കിട്ടാതായതായും കണ്ടുനിന്ന ചിലർക്ക് ഹൃദയാഘാതം സംഭവിച്ചതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്